ദുബൈ: മാധ്യമ പ്രവർത്തകൻ പി.വി.വിവേകാനന്ദെൻറ സ്മരണാർത്ഥം യു.എ.ഇ. എക്സ്ചേഞ്ചും ചിരന്തന കലാസാംസ്കാരിക വേദിയും ചേർന്ന് ഏർപ്പെടുത്തിയ അന്താരാഷ്ട്ര മാധ്യമ വ്യക്തിത്വ പുരസ്കാരത്തിന് മുതിർന്ന മാധ്യമ പ്രവർത്തകനും ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ചെയർമാനും ഏഷ്യാനെറ്റ് സ്ഥാപകനുമായ ശശികുമാർ തിരഞ്ഞെടുക്കപ്പെട്ടു.
മാധ്യമപ്രവർത്തനത്തിനു ജനപക്ഷ മുഖം നൽകുന്നതിനും ദിശാവ്യക്തതയുള്ള പുതു മാധ്യമ പ്രവർത്തകരെ വളർത്തിയെടുക്കുന്നതിനും അനുഷ്ഠിച്ച സേവനങ്ങളാണ് ശശികുമാറിനെ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് യു.എ.ഇ എക്സ്ചേഞ്ച് മീഡിയ ഡയറക്ടർ കെ.കെ.മൊയ്തീൻ കോയ, ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉൾക്കൊള്ളുന്ന പുരസ്കാരം ഇൗ മാസം 13ന് ദുബൈയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ഗൾഫിലെ മാധ്യമ രംഗത്ത് സ്വന്തമായ ഇടം തീർത്ത പി.വി. വിവേകാനന്ദെൻറ ഒാർമയിൽ കഴിഞ്ഞ വർഷം മുതലാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ആദ്യ പുരസ്കാരം ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസിനായിരുന്നു.
പതിനാറാമത് യു.എ.ഇ.എക്സ്ചേഞ്ച് -ചിരന്തന മാധ്യമ പുരസ്‌കാരത്തിന് മലയാള മനോരമ യു.എ.ഇ ബ്യൂറോ ചീഫ് ജയ്‌മോൻ ജോർജ്, ഗൾഫ് ന്യൂസ് ചീഫ് റിപ്പോർട്ടർ സജിലാ ശശീന്ദ്രൻ, മാതൃഭൂമി ന്യൂസ് ബ്യൂറോ ചീഫ് ഐപ്പ് വള്ളിക്കാടൻ, ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് കെ.ആർ.അരുൺകുമാർ, ഗോൾഡ് എഫ്.എം. ന്യൂസ് പ്രെസെൻറർ തൻസി ഹാഷിർ, പ്രവാസി ഭാരതി റേഡിയോ ന്യൂസ് ചീഫ് മിനീഷ് കുമാർ എന്നിവരെ തെരഞ്ഞെടുത്തു. പുരസ്കാര വിതരണ ചടങ്ങിൽ എൻ.എം.സി^ യു.എ.ഇ എക്സ്ചേഞ്ച് ഗ്രൂപ്പ് മേധാവി ഡോ. ബി.ആർ. ഷെട്ടി, എൻ.എം.സി. ഗ്രൂപ്പ് സി.ഇ.ഒ പ്രശാന്ത് മങ്ങാട്ട്, യു.എ.ഇ എക്സ്ചേഞ്ച് ഗ്രൂപ്പ് പ്രസിഡൻറ് വൈ. സുധീർകുമാർ ഷെട്ടി തുടങ്ങിയവർ സംബന്ധിക്കും. ചിരന്തന ജനറൽ സെക്രട്ടറി ഫിറോസ് തമന്ന, ട്രഷറർ ടി.പി. അഷ്‌റഫ് ചിരന്തന വൈസ് പ്രസിഡണ്ട് പുന്നക്കൻ ബീരാൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.