ജിദ്ദ: സുഡാനിൽ വെള്ളപ്പൊക്കത്തിലും പേമാരിയിലും ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി സൗദിയിൽ നിന്നുള്ള രണ്ട് വിമാനം ഖർത്തൂമിലെത്തി.
സൽമാൻ രാജാവിന്റെ നിർദേശമുണ്ടായി ഉടൻതന്നെ ദുരിതബാധിതർക്ക് ഭക്ഷണത്തിനും പാർപ്പിടത്തിനും ആവശ്യമായ അടിയന്തര സഹായവുമായി വിമാനങ്ങൾ പറന്നത്. കിങ് സൽമാൻ റിലീഫ് സെൻററിന്റെ ദുരിതാശ്വാസ സഹായങ്ങളുമായാണ് വിമാനങ്ങൾ ഖർത്തൂമിൽ ഇറങ്ങിയത്.
ഭക്ഷണവും പാർപ്പിടസഹായവുമാണ് സുഡാനിലെത്തിച്ചത്. ഇവ പേമാരിയിലും വെള്ളപ്പൊക്കത്തിലും നാശംവിതച്ച പ്രദേശങ്ങളിലേക്ക് കൊണ്ടുപോകും. വിതരണത്തിന് മേൽനോട്ടംവഹിക്കുന്നതിന് പ്രത്യേക സംഘവും സുഡാനിലെത്തിയിട്ടുണ്ട്.
നിരവധിപേരുടെ മരണത്തിനും പരിക്കിനും വൻ നാശനഷ്ടങ്ങൾക്കും കാരണമായ പേമാരിയെ തുടർന്ന് സുഡാനിലെ സഹോദരങ്ങൾക്ക് അടിയന്തര ആശ്വാസമാണ് അയച്ചതെന്ന് രാജകൊട്ടാരം ഉപദേഷ്ടാവും കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽറബിഅ പറഞ്ഞു.
അയച്ചതിൽ 100 ടണ്ണിലധികം ഭക്ഷണസാധനങ്ങളും പാർപ്പിടസാമഗ്രികളും ഉൾപ്പെടും. ലോകമെമ്പാടുമുള്ള സഹോദരങ്ങളെ സഹായിക്കാനുള്ള സൗദി ഭരണകൂടത്തിന്റെ മാനുഷികബോധത്തെയും വ്യഗ്രതയെയും ഇത് സ്ഥിരീകരിക്കുന്നുവെന്നും ഡോ. റബീഅ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.