അബൂദബി: സമൂഹ മാധ്യമ സൈറ്റുകളിലൂടെയും അക്കൗണ്ടുകളിലൂടെയും മയക്കുമരുന്നും ലഹരി വസ്തുക്കളും പ്രോത്സാഹിപ്പിക്കുന്ന എല്ലാ രീതികളും നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും കഴിവും കാര്യക്ഷമതയും രാജ്യത്തിനുണ്ടെന്ന് അബൂദബിയിലെ നാഷനൽ റീഹാബിലിറ്റേഷൻ സെൻറർ ഡയറക്ടർ ഹമദ് അൽ ഗഫേരി അറിയിച്ചു. മയക്കുമരുന്നുകളും ലഹരിവസ്തുക്കളും പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകളും അക്കൗണ്ടുകളും ലക്ഷ്യമാക്കി ഇലക്ട്രോണിക് പട്രോളിങ് നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുട്ടികളെ അടുത്തറിയാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ലഹരിവസ്തുക്കൾ സംബന്ധിച്ച വിഷയത്തിൽ ഏതു സംശയം അന്വേഷിക്കുന്നതിനും നാഷനൽ റീഹാബിലിറ്റേഷൻ സെൻററുമായി ആർക്കും ബന്ധപ്പെടാം. മയക്കുമരുന്ന് ഇടപാടുകളും അവയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തുന്നത് വളരെ ജാഗ്രതയോടെയാണ് അധികൃതർ നിരീക്ഷിക്കുന്നത്. ഇൻറർനെറ്റ് വഴി ഓർഡർ നൽകുകയും പാർസലുകൾ വീട്ടിലെത്തിക്കുകയും ചെയ്യുന്ന ഇടപാടുകളെയും കർശനമായി നേരിടും. മയക്കുമരുന്നിൽ ആസക്തി പൂണ്ടവരെ സുരക്ഷിതരാക്കി സന്തുഷ്ട ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്ന പ്രവർത്തനമാണ് റീഹാബിലിറ്റേഷൻ സെൻറർ നടത്തുന്നത്.
മയക്കുമരുന്ന് നേരിട്ട് ലഭിക്കുന്നതിന് ഇലക്ട്രോണിക് രീതി വളരെ സുരക്ഷിതമാണെന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നവർ വിശ്വസിക്കുന്നു. എന്നാലിവർ ഇത്തരം സൈറ്റുകളിൽ പ്രവേശിക്കുന്നത് മുതൽ പൊലീസ് നിരീക്ഷണത്തിന് വിധേയമാണ്. പ്രമോട്ടർമാരെക്കുറിച്ചും വാങ്ങുന്നവരെക്കുറിച്ചും സമൂഹ മാധ്യമ നിരീക്ഷണത്തിൽ മനസ്സിലാക്കുന്നു. ഇത്തരം കുറ്റവാളികളെ വളരെ എളുപ്പത്തിൽ പിടികൂടുന്നതിന് പൊലീസിനെ സഹായിക്കുന്നു. മയക്കുമരുന്ന് നിർമാർജനത്തിനും സാമൂഹിക സുരക്ഷക്കും പൊതുജന സഹകരണം ഉണ്ടാകേണ്ടതുണ്ടെന്നും അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.