ദുബൈ: ഈദുൽ അദ്ഹയും സ്കൂൾ വേനലവധിയും ഒരുമിച്ച് വരുന്നതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഏകീകൃത വിനോദസഞ്ചാര വിസയായ ഷെങ്കൻ വിസക്കായി ദുബൈയിൽനിന്നുള്ള അപേക്ഷകരുടെ വൻ തിരക്കെന്ന് റിപ്പോർട്ട്. ഒറ്റ വിസയിൽ കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിൽ സഞ്ചരിക്കാമെന്നതാണ് കൂടുതൽ പേരെയും ഷെങ്കൻ വിസയെടുക്കാൻ പ്രേരിപ്പിക്കുന്നത്.
യു.എ.ഇയിൽ ഷെങ്കൻ വിസ നടപടികൾക്കായുള്ള സമയദൈർഘ്യം കുറച്ചിട്ടുണ്ടെങ്കിലും മുഴുവൻ സ്ലോട്ടുകളും ഇതിനകം ബുക്ക് ചെയ്തുകഴിഞ്ഞുവെന്ന് ജലാദരി ബ്രദേഴ്സ് ഹോളിഡേ ഇന്റർനാഷനൽ ട്രാവൽ സർവിസസ് മാനേജർ മിർ വസിം രാജ പറഞ്ഞു. 200ലധികം ഫോൺകാളുകളായും 500 ഇ-മെയിൽ സന്ദേശങ്ങളായും ദിവസവും 700ലധികം അന്വേഷണങ്ങളാണ് ഷെങ്കൻ വിസയുമായി ബന്ധപ്പെട്ട് വരുന്നതെന്ന് പ്രമുഖ ട്രാവൽ ഏജൻസികൾ പറയുന്നു.
400 ദിർഹം അധികമായി നൽകി താമസക്കാർക്ക് തിരഞ്ഞെടുക്കാവുന്ന പ്രീമിയം വിസ സേവനങ്ങൾപോലും ഇനി ലഭ്യമല്ല. അപോയിൻമെന്റിനായി മാത്രം ഇരട്ടി തുക നൽകാനും ജനങ്ങൾ തയാറാണ്. പക്ഷേ, ഒരു നിർവാഹവുമില്ലെന്നും വിസ നടപടികൾ നിയന്ത്രിക്കുന്ന അതോറിറ്റിക്ക് മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാകൂവെന്നാണ് വിസ ഏജൻസികൾ അപേക്ഷകരോട് പറയുന്നത്.
യു.എ.ഇയിൽ താമസിക്കുന്ന വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ ഷെങ്കൻ വിസ അനുവദിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും 5,000 ദിർഹമോ അതിന് മുകളിലോ ശമ്പളം ഉള്ളവർക്കാണ് വിസ അനുവദിക്കുന്നത്. ചിലർ നേരത്തേ തന്നെ വിസക്കായി അപേക്ഷ സമർപ്പിച്ചിരുന്നതിനാൽ വിസ അനുവദിച്ചിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അപേക്ഷ സമർപ്പിച്ചവർക്കാണ് ഇപ്പോൾ വിസ ലഭ്യമായിട്ടുള്ളത്.
ഒരിക്കൽ വിസ അനുവദിച്ചു കഴിഞ്ഞാൽ, ആറു മാസത്തിനുള്ളിൽ ആ രാജ്യത്ത് പ്രവേശിച്ചാൽ മതിയെന്നതിനാൽ നേരത്തേ വിസ അപേക്ഷ നടപടികൾ ആരംഭിക്കണമെന്നാണ് അധികൃതരുടെ നിർദേശം. ദുബൈയിൽനിന്ന് ഓരോ വർഷവും വേനലവധിക്ക് പതിനായിരക്കണക്കിന് കുടുംബങ്ങളാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.