അവധിക്കാലം കഴിഞ്ഞു; ഇനി സ്കൂളിലേക്ക്

​​ ദുബൈ: ദുബൈയിലെ ഏഷ്യൻ പാഠ്യ പദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തിന്​ തിങ്കളാഴ്ച തുടക്കം. നൂറുകണക്കിന് വിദ്യാർത്ഥികൾ ആദ്യാക്ഷരം നുകരാൻ വിദ്യാലയങ്ങളിൽ എത്തിച്ചേരും. അതേസമയം, സെപ്റ്റംബറിൽ അധ്യയന വർഷം തുടങ്ങുന്ന വിദ്യാലയങ്ങൾ ഏപ്രിൽ 10നാണ്​ തുറക്കുന്നത്​. ഈ വിദ്യാലയങ്ങളിൽ അവസാന പാദത്തിനാണ് ആ ദിവസം തുടക്കം കുറിക്കുക.

അബൂബിയിലെയും ഷാർജയിലെയും ഏഷ്യൻ വിദ്യാലയങ്ങൾ ഏപ്രിൽ 10നാണ് പുതിയ അധ്യായന വർഷം ആരംഭിക്കുക. സർക്കാർ സ്കൂളുകളിലും ഏഷ്യൻ ഇതര പാഠ്യ പദ്ധതി പിന്തുടരുന്ന സ്വകാര്യ വിദ്യാലയങ്ങളിലും ഏപ്രിൽ 17 നാണ് വസന്ത കാല അവധി തുടങ്ങുന്നത്​. നിരവധി വിദ്യാർഥികളാണ് പുതിയ വിവിധ ക്ലാസ്സുകളിൽ പുതുതായി പ്രവേശനം നേടുന്നത്. അതേസമയം, ദുബൈയിലും ഷാർജയിലും ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ ഫീസ്​ വർധനവ്​ നിലവിൽ വരും. ദുബൈയിൽ മൂന്ന്​ മുതൽ ആറ്​ ശതമാനം വരെയും ഷാർജയിൽ അഞ്ച്​ ശതമാനം വരെയുമാണ്​ ഫീസ്​ വർധിപ്പിക്കുന്നത്​.

ചില സ്കൂളുകൾ ഫീസ്​ വർധിപ്പിക്കേണ്ടെന്ന്​ തീരുമാനിച്ചിട്ടുണ്ട്​. അടുത്തിടെ നടന്ന പരിശോധനയിൽ മികച്ച നിലവാരം പുലർത്തിയ സ്കൂളുകൾക്കാണ്​ ഫീസ്​ വർധിപ്പിക്കാൻ അനുമതി നൽകിയത്​. നിലവാരം മോശമായ സ്കൂളുകൾക്ക്​ ഫീസ്​ വർധനവ്​ അനുവദിക്കില്ല. പരിശോധനയിൽ ഇന്ത്യൻ സ്കൂളുകളിൽ ഭൂരിപക്ഷവും നിലവാരം മെച്ചപ്പെടുത്തിയിരുന്നു. കോവിഡ്​ എത്തിയ​ ശേഷം ആദ്യമായാണ്​ സ്കൂളുകൾക്ക്​ ഫീസ്​ വർധനവിന്​ അനുമതി നൽകുന്നത്​. അടുത്തിടെ ദുബൈ സ്കൂൾസ്​ ഇൻസ്പക്ഷൻ ബ്യൂറോ വിദ്യാലയങ്ങളിൽ പരിശോധന നടത്തി നിലവാരം വിലയിരുത്തിയിരുന്നു. പഴയ നിലവാരത്തിൽ തന്നെ തുടരുന്ന സ്കൂളുകൾക്ക്​ മൂന്ന്​ ശതമാനം വരെ ഫീസ്​ വർധിപ്പിക്കാം.

വളരെ മോശം എന്ന നിലയിൽ നിന്ന്​ മോശം എന്ന നിലയിലേക്ക്​ മാറിയ സ്കൂളുകൾ, മോശം എന്ന നിലയിൽ നിന്ന്​ ശരാശരിയായവർ, ശരാശരിയിൽ നിന്ന്​ മികച്ചതായവർ എന്നിവർക്കാണ്​ ആറ്​ ശതമാനം വർധനവ്​ അനുവദിച്ചിരിക്കുന്നത്​. മികച്ചത്​ എന്ന നിലയിൽ നിന്ന്​ വളരെ മികച്ചതായി മാറിയ സ്കൂളുകൾക്ക്​ 5.25 ശതമാനം വർധിപ്പിക്കാം. വളരെ മികച്ചത്​ എന്നതിൽ നിന്ന്​ വിശിഷ്ടമായ നിലയിലേക്ക്​ മാറിയവർക്ക്​ 4.5 ശതമാനം വർധിപ്പിക്കാനാണ്​ അനുമതി. റമദാനിൽ രാവിലെ ഒമ്പത്​ മുതലാണ് സ്കൂളുകൾ പ്രവർത്തിക്കുക. 4-5 മണിക്കൂർ ആണ് റമദാനിലെ പ്രവർത്തി സമയം. റമദാനിൽ ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങൾ രണ്ട് ആഴ്ചയും സർക്കാർ വിദ്യാലങ്ങളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും ഒരാഴ്ച മാത്രവുമാണ് പ്രവർത്തിദിനമായി ഉണ്ടാവുക.

Tags:    
News Summary - school opening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.