അവധിക്കാലം കഴിഞ്ഞു; ഇനി സ്കൂളിലേക്ക്
text_fields ദുബൈ: ദുബൈയിലെ ഏഷ്യൻ പാഠ്യ പദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തിന് തിങ്കളാഴ്ച തുടക്കം. നൂറുകണക്കിന് വിദ്യാർത്ഥികൾ ആദ്യാക്ഷരം നുകരാൻ വിദ്യാലയങ്ങളിൽ എത്തിച്ചേരും. അതേസമയം, സെപ്റ്റംബറിൽ അധ്യയന വർഷം തുടങ്ങുന്ന വിദ്യാലയങ്ങൾ ഏപ്രിൽ 10നാണ് തുറക്കുന്നത്. ഈ വിദ്യാലയങ്ങളിൽ അവസാന പാദത്തിനാണ് ആ ദിവസം തുടക്കം കുറിക്കുക.
അബൂബിയിലെയും ഷാർജയിലെയും ഏഷ്യൻ വിദ്യാലയങ്ങൾ ഏപ്രിൽ 10നാണ് പുതിയ അധ്യായന വർഷം ആരംഭിക്കുക. സർക്കാർ സ്കൂളുകളിലും ഏഷ്യൻ ഇതര പാഠ്യ പദ്ധതി പിന്തുടരുന്ന സ്വകാര്യ വിദ്യാലയങ്ങളിലും ഏപ്രിൽ 17 നാണ് വസന്ത കാല അവധി തുടങ്ങുന്നത്. നിരവധി വിദ്യാർഥികളാണ് പുതിയ വിവിധ ക്ലാസ്സുകളിൽ പുതുതായി പ്രവേശനം നേടുന്നത്. അതേസമയം, ദുബൈയിലും ഷാർജയിലും ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ ഫീസ് വർധനവ് നിലവിൽ വരും. ദുബൈയിൽ മൂന്ന് മുതൽ ആറ് ശതമാനം വരെയും ഷാർജയിൽ അഞ്ച് ശതമാനം വരെയുമാണ് ഫീസ് വർധിപ്പിക്കുന്നത്.
ചില സ്കൂളുകൾ ഫീസ് വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന പരിശോധനയിൽ മികച്ച നിലവാരം പുലർത്തിയ സ്കൂളുകൾക്കാണ് ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയത്. നിലവാരം മോശമായ സ്കൂളുകൾക്ക് ഫീസ് വർധനവ് അനുവദിക്കില്ല. പരിശോധനയിൽ ഇന്ത്യൻ സ്കൂളുകളിൽ ഭൂരിപക്ഷവും നിലവാരം മെച്ചപ്പെടുത്തിയിരുന്നു. കോവിഡ് എത്തിയ ശേഷം ആദ്യമായാണ് സ്കൂളുകൾക്ക് ഫീസ് വർധനവിന് അനുമതി നൽകുന്നത്. അടുത്തിടെ ദുബൈ സ്കൂൾസ് ഇൻസ്പക്ഷൻ ബ്യൂറോ വിദ്യാലയങ്ങളിൽ പരിശോധന നടത്തി നിലവാരം വിലയിരുത്തിയിരുന്നു. പഴയ നിലവാരത്തിൽ തന്നെ തുടരുന്ന സ്കൂളുകൾക്ക് മൂന്ന് ശതമാനം വരെ ഫീസ് വർധിപ്പിക്കാം.
വളരെ മോശം എന്ന നിലയിൽ നിന്ന് മോശം എന്ന നിലയിലേക്ക് മാറിയ സ്കൂളുകൾ, മോശം എന്ന നിലയിൽ നിന്ന് ശരാശരിയായവർ, ശരാശരിയിൽ നിന്ന് മികച്ചതായവർ എന്നിവർക്കാണ് ആറ് ശതമാനം വർധനവ് അനുവദിച്ചിരിക്കുന്നത്. മികച്ചത് എന്ന നിലയിൽ നിന്ന് വളരെ മികച്ചതായി മാറിയ സ്കൂളുകൾക്ക് 5.25 ശതമാനം വർധിപ്പിക്കാം. വളരെ മികച്ചത് എന്നതിൽ നിന്ന് വിശിഷ്ടമായ നിലയിലേക്ക് മാറിയവർക്ക് 4.5 ശതമാനം വർധിപ്പിക്കാനാണ് അനുമതി. റമദാനിൽ രാവിലെ ഒമ്പത് മുതലാണ് സ്കൂളുകൾ പ്രവർത്തിക്കുക. 4-5 മണിക്കൂർ ആണ് റമദാനിലെ പ്രവർത്തി സമയം. റമദാനിൽ ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങൾ രണ്ട് ആഴ്ചയും സർക്കാർ വിദ്യാലങ്ങളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും ഒരാഴ്ച മാത്രവുമാണ് പ്രവർത്തിദിനമായി ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.