അബൂദബി: 2023-2024 അക്കാദമിക വര്‍ഷം തുടങ്ങുന്നതിനു മുന്നോടിയായി അബൂദബി മേഖലകളിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂള്‍ പരിസരങ്ങളിലെ ഗതാഗതസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി. ട്രാഫിക് സിഗ്നലുകൾ,സീബ്രലൈനുകൾ, വാഹനങ്ങളുടെ വേഗം കുറക്കുന്നതിനുള്ള നടപടികള്‍, സ്കൂളുകള്‍ക്കു സമീപമുള്ള തടസ്സങ്ങള്‍ ഒഴിവാക്കല്‍, മറ്റു ഗതാഗത സുരക്ഷ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍ മുതലായവയാണ് മുനിസിപ്പാലിറ്റി പൂര്‍ത്തീകരിച്ചത്.
നടപ്പാതകളുടെ അറ്റകുറ്റപ്പണികള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക പാര്‍ക്കിങ്,ഇടനാഴികള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ മുതലായവയും സ്ഥാപിച്ചിട്ടുണ്ട്. നിറംമങ്ങിയ സ്പീഡ് ഹമ്പുകള്ക്കും പെഡസ്ട്രിയന്‍ ക്രോസിങ്ങുകള്ക്കും പുതിയ പെയിന്റ് അടിക്കുകയും ചെയ്തു. നിര്‍ദിഷ്ട ക്രോസിങ് മാര്‍ക്കുകളിലൂടെ മാത്രം റോഡ് മുറിച്ചുകടക്കാന്‍ കുട്ടികളെ ശീലിപ്പിക്കണമെന്ന് അധികൃതര്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. സ്കൂളുകള്‍ തുറക്കാനിരിക്കെ വാഹനം ഓടിക്കുന്നവര്‍ക്ക് അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പും നൽകി.
റോഡ് നിയമം കര്‍ശനമായി പാലിക്കണമെന്നും സ്കൂളിലേക്ക് പോവുന്ന കുട്ടികള്‍ക്കും സ്കൂള്‍ ബസുകള്‍ക്കും മുന്‍ഗണന നല്‍കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.സ്കൂള്‍ ബസുകളിലെ സ്റ്റോപ് ബോര്‍ഡ് കണ്ടാല്‍, പിന്നാലെ വരുന്ന വാഹനങ്ങള്‍ മാത്രമല്ല എതിരെവരുന്ന വാഹനങ്ങളും നിര്‍ത്തണം. സ്റ്റോപ് ബോര്‍ഡുകള്‍ പ്രദർശിപ്പിച്ച് റോഡരികില്‍ നിര്‍ത്തിയിടുന്ന സ്കൂള്‍ ബസുകളെ മറികടന്നുപോവുന്നത് ശിക്ഷാർഹമാണ്.
വിദ്യാര്‍ഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി സ്കൂള്‍ ബസ് നിര്‍ത്തിയിടുകയും സ്റ്റോപ് സിഗ്നല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍ ഇത് അവഗണിക്കുന്ന ഇതരവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 10 ബ്ലാക്ക് പോയന്റും ചുമത്തുമെന്ന് അബൂദബി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.