അബൂദബി: ശൈത്യകാല അവധിക്കുശേഷം സ്കൂളുകൾ വീണ്ടും തുറക്കാനിരിക്കെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. സ്കൂൾ ബസുകൾ നിർത്തിയശേഷം സ്റ്റോപ് ബോർഡ് കാണിച്ചാൽ, പിന്നാലെ വരുന്ന വാഹനങ്ങൾ മാത്രമല്ല, എതിർദിശയിൽ വരുന്ന വാഹനങ്ങളും നിർത്തണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കി. ഈ നിയമം ശ്രദ്ധിക്കാതെ കടന്നുപോകുന്ന നിരവധി പേർക്ക് പിഴയും ബ്ലാക്ക് പോയന്റും ലഭിക്കാറുണ്ട്. വിദ്യാര്‍ഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി സ്കൂള്‍ ബസ് നിര്‍ത്തിയിടുകയും സ്റ്റോപ് സിഗ്നല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍ അവഗണിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 10 ബ്ലാക്ക് പോയന്റുമാണ് ചുമത്തുക.
വാഹനങ്ങൾ സ്കൂൾ ബസുകളുമായി അഞ്ചു മീറ്റർ അകലം പാലിക്കണമെന്നും വിദ്യാർഥികളുടെ സുരക്ഷിതമായ യാത്രക്കുവേണ്ടിയാണ് നിയമം ഏർപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. സ്കൂള്‍ ബസുകളിലെ സിഗ്നല്‍ ലംഘിക്കുന്നത് കാമറകളിലൂടെ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് സംയോജിത ഗതാഗത കേന്ദ്രം വ്യക്തമാക്കി. നിര്‍ദിഷ്ട മേഖലകളിലല്ലാതെ വാഹനം നിര്‍ത്തി കുട്ടികളെ ഇറക്കരുതെന്നും കേന്ദ്രം നിർദേശിച്ചു. ഡ്രൈവർമാർക്ക് ഇതുസംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിന് സമൂഹമാധ്യമങ്ങളിൽ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. സ്കൂള്‍ ബസ് ദിവസവും പരിശോധിച്ച് അറ്റകുറ്റപ്പണികളുണ്ടെങ്കില്‍ പരിഹരിക്കേണ്ട ഉത്തരവാദിത്തം ബസ് ഡ്രൈവര്‍മാര്‍ക്കാണ്. അതേസമയം, കുട്ടികള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സൂപ്പര്വൈസറുടേതുകൂടിയാണ്.
ബസില്‍ എപ്പോഴും ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിച്ചിരിക്കണം, 11 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ രക്ഷിതാവ് സ്റ്റോപ്പില്‍ ഉണ്ടെന്ന് ബസ് സൂപ്പര്‍വൈസര്‍മാര്‍ ഉറപ്പുവരുത്തണം, ബസ് യാത്രയില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത സൂപ്പര്‍വൈസര്‍ കുട്ടികളെ ബോധ്യപ്പെടുത്തണം, കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി കൃത്യമായ ഇടവേളകളില്‍ സ്കൂള്‍ അധികൃതര്‍ ബസ് അണുമുക്തമാക്കണം എന്നീ നിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.
കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി സ്കൂള്‍ ബസ് നിര്‍ത്തുന്ന സമയത്ത് സ്റ്റോപ് സിഗ്നല്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ക്കും പിഴ ചുമത്തും. സ്റ്റോപ് സിഗ്നല്‍ പ്രദര്‍ശിപ്പിക്കാത്ത സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. സ്കൂള്‍ ബസുകളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതെറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുതെന്ന് കുട്ടികള്‍ക്കും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ സ്കൂൾ ബസിലെയും കാമറകളുടെ പ്രവർത്തനത്തെ ഒരുവിധത്തിലും തടസ്സപ്പെടുത്തരുതെന്ന് ഡ്രൈവർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്കൂൾ ബസുകളുടെ യാത്രക്ക് മുൻഗണന നൽകണമെന്ന് ഇതരവാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഗതാഗത വകുപ്പ് നേരത്തേ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.