തങ്ങൾ ഇത്രയും കാലം പരിപാലിച്ചു വളർത്തിയ നീണ്ടതും ഇടതൂർന്നതുമായ ഭംഗിയാർന്ന മുടിയിഴകൾ ഒരു മടിയും കൂടാതെ അർബുദരോഗബാധിതർക്കായി മുറിച്ചുനൽകി കാരുണ്യത്തിന്റെ പാഠം പകർന്നു നൽകിയിരിക്കുകയാണ് ഓയാസിസ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിന്റെ ചാരിറ്റി പ്രോഗ്രാമിന്റെ ഭാഗമായി നടന്ന ഹെയർ ഡോണേഷൻ ക്യാമ്പയിനിൽ 16 വിദ്യാർഥികളാണ് മുടി മുറിച്ച് നൽകിയത്. വിദ്യാർത്ഥികളോടൊപ്പം ഒരു അധ്യാപികയും ഒരു രക്ഷിതാവും മറ്റു രണ്ട് ജീവനക്കാരും മുടി മുറിച്ചു നൽകാൻ സന്നദ്ധരായി.
സ്കൂളിലെ കെ. ജി ക്ലാസ്സ് വിദ്യാർഥിയുടെ മാതാവായ ഡോ: പൂജ ഗെയ്ക് വാദ്, സ്കൂളിലെ അധ്യാപികയായ നസീമ, ജീവനക്കാരായ സഹീന നൗറിൻ, അന്ത ലീബ് ഷഹ്സാദി എന്നിവരും അവരുടെ മുടി ദാനം ചെയ്തു. നേരത്തെ പേര് വെളിപ്പെടുത്താൻ തയാറാകാത്ത സ്കൂളിലെ തന്നെ മറ്റൊരു അധ്യാപിക സ്വന്തമായി മുടി മുറിച്ചു നൽകിയത് അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രചോദനമായി മാറിയിരുന്നു.
അർബുദ രോഗികൾക്ക് കീമോ ചികിത്സ നൽകുമ്പോൾ കൊഴിഞ്ഞു പോകുന്ന മുടിക്ക് പകരമായി വിഗ് തയാറാക്കി നൽകാനാണ് മുടി മുറുച്ചു നൽകുന്നത്. അർബുദംകൊണ്ട് വിഷമിക്കുന്നവരുടെ സന്തോഷത്തിനായി ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് വിദ്യാർഥികളും അധ്യാപകരും പറഞ്ഞു. ഹെയർ ഫോർ ഹോപ് ദുബൈ എന്ന സംഘടനയുമായി ചേർന്ന് സ്കൂളിലെ വെൽബീയിങ് ഡിപ്പാർട്മെന്റ് ആണ് ക്യാമ്പയിൽ സംഘടിപ്പിച്ചത്. മുടി ദാനം ചെയ്തവർക്ക് സ്കൂൾ അധികൃതർ സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നൽകി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.