ഷാർജ: പ്രത്യേക പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങൾക്കായി ഷാർജ ഇന്ത്യൻ അസോസിയേഷന് കീ ഴിൽ ആരംഭിച്ച അൽ ഇബ്തിസാമ സെൻറർ ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസ് സ്കൂൾ വർണപ്പൊ ലിമയോടെ പ്രവർത്തനമാരംഭിച്ചു. ജനങ്ങളുടെയും രക്ഷിതാക്കളുടെയും ഇന്ത്യൻ അസോസിയേ ഷെൻറയും ഏറെ കാലത്തെ സ്വപ്നമായിരുന്നു പുഞ്ചിരി എന്നർഥം വരുന്ന ഇബ്തിസാമ സ്കൂൾ. അതുകൊണ്ടുതന്നെ ഉദ്ഘാടന ചടങ്ങിലെ നിറപുഞ്ചിരികൾക്ക് വർണനകൾക്കതീതമായി ഭംഗിയുണ്ടായിരുന്നു. അത്രമേൽ മനോഹരമായിരുന്നു കുഞ്ഞുങ്ങൾ കാഴ്ചവെച്ച കലാപരിപാടികളും.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തെ വില്ലയാണ് അൽ ഇബ്ത്തിസാമ സ്കൂളായി മാറിയിരിക്കുന്നത്. ഓരോ ക്ലാസ് മുറിയും കുട്ടികളെ ആകർഷിക്കും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അധ്യാപകരുമായി കുട്ടികൾ വളരെ വേഗത്തിൽ ഇണങ്ങുന്ന കാഴ്ചകൾക്കും ഉദ്ഘാടന ദിവസം സാക്ഷ്യം വഹിച്ചു. തങ്ങളുടെ അസാന്നിധ്യം കുട്ടികളെ ഏതുവിധത്തിലായിരിക്കും ബാധിക്കുക എന്ന രക്ഷിതാക്കളുടെ ആശങ്ക അകറ്റുന്നതായിരുന്നു ആ ഇണക്കം. ക്ലാസ് മുറികളിലെ സൗകര്യങ്ങളെല്ലാം തൃപ്തികരമാണെന്ന് രക്ഷിതാക്കൾ എടുത്തുപറഞ്ഞു. ഒാരോ കുഞ്ഞും ആത്മവിശ്വാസത്തോടെ ലോകത്തിനു മുന്നിലേക്ക് കുതിക്കുവാനുതകും വിധമാണ് സ്കൂളിെൻറ പാഠ്യപദ്ധതിയും സൗകര്യങ്ങളും ക്രമീകരിച്ചിരിക്കുന്നതെന്ന് പ്രിൻസിപ്പൽ ജയനാരായണൻ, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡൻറ് ഇ.പി. ജോൺസൺ, ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി എന്നിവർ പറഞ്ഞു.
നിരവധി രക്ഷിതാക്കളുടെ പ്രാർഥനയും പ്രതീക്ഷയും പൂവിട്ടിരിക്കുകയാണെന്നും ഇതിനായി ഇന്ത്യയിലെയും യു.എ.ഇയിലെയും ഭരണാധികാരികൾ അകമഴിഞ്ഞ പിന്തുണയാണ് നൽകിയതെന്നും ഇവർ കൂട്ടിച്ചേർത്തു. കേരളത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിച്ചിട്ടുള്ള അധ്യാപകരും ഉദ്ഘാടന ചടങ്ങിൽ എത്തിയിരുന്നു. അവരും മികച്ച അഭിപ്രായമാണ് സ്കൂളിനെ കുറിച്ച് പങ്കുവെച്ചത്. ഷാർജയിൽ ഒരു കാലത്ത് നിരവധി സ്കൂളുകൾ വില്ലകളിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ, പിന്നീടത് അധികൃതർ നിർത്തലാക്കുകയായിരുന്നു. വില്ല സ്കൂൾ വീണ്ടും തിരിച്ചുവന്ന സന്തോഷത്തിലാണ് സംനാൻ പ്രവിശ്യ.
ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ രക്ഷാധികാരി അഹമദ് മുഹമ്മദ് ഹമദ് അൽ മിദ്ഫ, ലേബർ സ്റ്റാൻഡേർഡ്സ് ഡെവലപ്മെൻറ് അതോറിറ്റി ചെയർമാൻ സാലെം യൂസുഫ് അൽ ഖസീർ, എൽ.എസ്.ഡി.എ മാനേജർ അഹമദ് സുവൈദി, ഷാർജ എമിറേറ്റ്സ് റെഡ് ക്രസൻറ് മാനേജർ അബ്ദുല്ല അലി അൽ മുഹൈരി, റെഡ് ക്രസൻറ് പ്രതിനിധി തക്റീറ, റെഡ് ക്രസൻറ് വളൻറിയർ സംഘം പ്രതിനിധി നാദിയ, ബെന്നി ബെഹനാൻ എം.പി, ഡോ. എം.കെ. മുനീർ എം.എൽ.എ, ഇന്ത്യൻ വൈസ് കോൺസുൽ സഞ്ജീവ് കുമാർ, ഇന്ത്യൻ അസോസിയേഷൻ ട്രഷറർ കെ. ബാലകൃഷ്ണൻ, മറ്റു ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ആൻറണി ജോസഫ്, പെൺകുട്ടികളുടെ വിഭാഗം പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, വൈസ് പ്രിൻസിപ്പൽ മിനി, വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, അറ്റ്ലസ് രാമചന്ദ്രൻ, പ്രവാസി ബന്ധു കെ.വി. ഷംസുദ്ദീൻ, പുന്നക്കൻ മുഹമ്മദലി, സാദിഖ് തുടങ്ങിയവർ സംബന്ധിച്ചു. അൽ ഇബ്ത്തിസാമയിലൂടെ ഇന്ത്യൻ അസോസിയേഷൻ ഷാർജ മഹത്തായ ദൗത്യനിർവഹണമാണ് നടത്തിയിരിക്കുന്നത് എന്ന് ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ച ബെന്നി ബെഹനാൻ എം.പി പറഞ്ഞു. ഈ സംരംഭത്തിെൻറ പ്രാധാന്യം മനസ്സിലാക്കി കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽനിന്ന് സഹായം ലഭ്യമാക്കുന്നതിനുള്ള എല്ലാവിധ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി. പ്രവാസി ഇന്ത്യക്കാർ വിവിധ തരത്തിലുള്ള കാരുണ്യ-സേവന പ്രവർത്തനങ്ങൾ നടത്താറുണ്ട്. അതിലേറ്റവും മികവുറ്റ ഏടാണ് അൽ ഇബ്ത്തിസാമ എന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ പറഞ്ഞു. കരുതലാവശ്യമുള്ളവരെ കരുണയോടെ സ്വീകരിച്ച ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അഭിനന്ദനമർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ 7.30 നാണ് ക്ലാസുകൾ ആരംഭിക്കുക. ഉച്ചക്ക് 12.30ന് അവസാനിക്കും. വൈകീട്ട് 4.30 വരെ ഫിസിയോ തെറപ്പി വിഭാഗം പ്രവർത്തിക്കും. 60 കുട്ടികൾക്കായി ആറുക്ലാസ് മുറികളാണ് സ്കൂളിൽ നിലവിലുള്ളത്. സ്കൂളിൽ പാകിസ്താൻ , ബംഗ്ലാദേശ്, ശ്രീലങ്ക രാജ്യങ്ങളിലെ കുട്ടികൾക്കും പ്രവേശനം നൽകിയിട്ടുണ്ട്. 10 കുട്ടികൾക്ക് ഒരു വിദഗ്ധ അധ്യാപകനടക്കം മൂന്ന് ജീവനക്കാരുണ്ടായിരിക്കും. ഫിസിയോതെറപ്പിസ്റ്റ്, ഒക്കുപ്പേഷനൽ തെറപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് പാത്തോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, സഹ അധ്യാപകർ തസ്തികകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.