ദുബൈ: ശീതകാല അവധിക്കുശേഷം രാജ്യത്തെ സ്കൂളുകളിൽ ഇന്നുമുതൽ അധ്യയനം പുനരാരംഭിക്കും. യു.എ.ഇയിലുടനീളമുള്ള ദശലക്ഷത്തിലധികം കുട്ടികൾ ഞായറാഴ്ച മുതൽ ക്ലാസുകളിലേക്ക് മടങ്ങിയെത്തും.
കോവിഡ് ആശങ്കകൾ തുടരുന്നതിനാൽ സമ്പൂർണമായ മുൻകരുതൽ നടപടികൾ സ്വീകരിച്ച ശേഷമാണ് സ്കൂളുകൾ വീണ്ടും തുറക്കുന്നത്. കാമ്പസുകളിൽ കർശനമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കും. എന്നാൽ, അബൂദബിയിലെ പബ്ലിക് സ്കൂളുകളിൽ ഇന്നു മുതലുള്ള രണ്ടാഴ്ചക്കാലം വിദൂരപഠനം തന്നെ തുടരും. അതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ക്ലാസ്റൂം പഠനത്തിന് തുടക്കമാകുന്നത്.
മാത്രമല്ല, അബൂദബിയിലെ സ്കൂളുകളിൽ തിരികെയെത്തുന്ന വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിർദേശമുണ്ട്. എമിറേറ്റിലെ സ്വകാര്യ സ്കൂൾ റെഗുലേറ്ററായ അബൂദബി നോളജ് വകുപ്പാണ് (അഡെക്) സുരക്ഷ നടപടികൾ പ്രഖ്യാപിച്ചത്.
ദുബൈയിൽ വിദ്യാർഥികളുടെ ഇഷ്്ടാനുസരണം പഠനരീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് അനുവദിച്ചിട്ടുള്ളത്. വിദൂര പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ ക്ലാസുകളും മറ്റുള്ളവർക്ക് ക്ലാസ്റൂം പഠനവും നടത്താം. എങ്കിലും ദുബൈയിലെ സ്വകാര്യ സ്കൂളുകൾ നേരേത്ത തീരുമാനിച്ചതുപോലെ ഞായറാഴ്ച മുതൽ തുറക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റി (കെ.എച്ച്.ഡി.എ) അറിയിച്ചു.
ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പഠനരീതി തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് മൂന്ന് ഓപ്ഷനുകൾ നൽകിയിരുന്നു. വീട്ടിലിരുന്ന് വിദൂരമായി പഠിക്കുക, സ്കൂളിൽ പോകുക, അല്ലെങ്കിൽ വിദൂര പഠനവും ക്ലാസ് റൂം അടിസ്ഥാനമാക്കിയുള്ള അധ്യാപനവും സംയോജിപ്പിച്ചുള്ള പഠനരീതി തിരഞ്ഞെടുക്കുക എന്നിങ്ങനെ മൂന്ന് അവസരങ്ങളാണ് നൽകിയിരിക്കുന്നത്.
വിദ്യാർഥികളുടെ സുരക്ഷക്കായി ആവശ്യമായ എല്ലാ പ്രതിരോധ, മുൻകരുതൽ നടപടികളും സ്വീകരിക്കാൻ അതോറിറ്റി അതിശ്രദ്ധ പുലർത്തിയതായി ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി ഡയറക്ടർ അലി അൽ ഹൊസാനി മാതാപിതാക്കൾക്ക് ഉറപ്പുനൽകി. കൂടാതെ, സ്കൂളുകളിലെ സാഹചര്യങ്ങൾ പിന്തുടരാൻ ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഉൾപ്പെടുത്തി സംയുക്ത സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും അൽ ഹൊസാനി പറഞ്ഞു.
സ്കൂളുകൾ സുരക്ഷിതമാണെന്നും വിദ്യാർഥികളെ സ്വീകരിക്കാൻ പൂർണമായും തയാറാണെന്നും നേരിട്ടുള്ള പഠനം പിന്തുടരണമെന്നും ഡയറക്ടർ മാതാപിതാക്കളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.