ദുബൈ: 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഫൈസർ ബയോൻടെക് വാക്സിൻ നൽകാൻ അനുമതി ലഭിച്ചതോടെ വാക്സിനേഷൻ ഡ്രൈവുമായി യു.എ.ഇയിലെ സ്കൂളുകൾ. ചില സ്കൂളുകൾ ഇതിന് ഹോട്ടലുകൾ ബുക്ക് ചെയ്തു. ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് വാക്സിനേഷൻ നടപ്പാക്കാൻ ശ്രമിക്കുന്ന സ്കൂളുകളുമുണ്ട്. വിദ്യാർഥികൾക്കും ജീവനക്കാർക്കും പൂർണമായും വാക്സിൻ നൽകിയ ശേഷം സ്കൂളുകൾ 100 ശതമാനം ശേഷിയോടെ തുറന്നു പ്രവർത്തിപ്പിക്കാമെന്ന വിശ്വാസത്തിലാണ് മാനേജ്മെൻറുകൾ.
42,000 കുട്ടികളുള്ള ജെംസ് സ്കൂൾ വാക്സിനേഷനുള്ള ഒരുക്കത്തിലാണ്. 8000 കുട്ടികൾ ഈ ആഴ്ച തന്നെ വാക്സിനെടുക്കും. 1800 കുട്ടികൾ വാക്സിനെടുത്തുകഴിഞ്ഞു. 14700 അധ്യാപകരും ജീവനക്കാരും വാക്സിനെടുത്തു. ഇതിൽ 1600 പേരും പുതിയ അധ്യാപകരാണ്. ഇവരും വാക്സിനെടുക്കും. ഷാർജയിലെയും റാസൽ ഖൈമയിലെയും വിദ്യാഭ്യാസ അധികൃതരുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്.
ദുബൈയിലെ ഡൽഹി പ്രൈവറ്റ് സ്കൂളിലെ വാക്സിനേഷൻ ഡ്രൈവ് 21ന് തുടങ്ങി. ദുബൈ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. 27 വരെ തുടരും. 2300 കുട്ടികളാണ് ഇവിടെയുള്ളത്. വാക്സിനെടുക്കുന്നതോടെ കുട്ടികളെ സ്കൂളിലേക്കയക്കാൻ രക്ഷിതാക്കൾക്ക് ആത്മവിശ്വാസം വർധിക്കുമെന്ന് മാനേജ്മെൻറ് പ്രതീക്ഷിക്കുന്നു. ചില സ്കൂളുകൾ വാക്സിനേഷനെ കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിനായി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി വെബിനാർ നടത്താനും പദ്ധതിയുണ്ട്. വാക്സിനെടുത്താലുള്ള ഗുണങ്ങളും എടുത്തില്ലെങ്കിലുള്ള ഭവിഷ്യത്തുകളും രക്ഷിതാക്കളെ ബോധ്യപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.