അബൂദബി: സന്ദര്‍ശകരെ കടലാഴങ്ങളിലെ കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അബൂദബിയിലെ മെഗാ തീം പാര്‍ക്ക് 'സീ വേള്‍ഡ് അബൂദബി'യുടെ നിര്‍മാണം അവസാനഘട്ടത്തിലേക്ക്. പുതുതലമുറയിലെ മറൈന്‍ ലൈഫ് തീം പാര്‍ക്കായ സീ വേള്‍ഡിന്‍റെ നിര്‍മാണം 90 ശതമാനവും പൂര്‍ത്തിയായതായി നിർമാതാക്കളായ മിറാല്‍ അറിയിച്ചു. തീം പാര്‍ക്ക് അടുത്തവര്‍ഷം തുറന്നുകൊടുക്കുമെന്ന് സീവേള്‍ഡ് പാര്‍ക്‌സ് ആന്‍ഡ് എന്‍റര്‍ടെയിന്‍മെന്‍റ് ചെയര്‍മാന്‍ സ്‌കോട്ട് റോസ് പറഞ്ഞു.
ജീവികളുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥക്ക് സമാനമാണ് അബൂദബി സീവേള്‍ഡിലെ ഒരുക്കങ്ങള്‍. ഈ വര്‍ഷം തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന സീവേള്‍ഡ് യാസ് ഐലന്‍ഡിലെ പ്രധാന ടൂറിസം ആകര്‍ഷണം തന്നെയായിരിക്കും. ഭൂമിയിലെ ജീവിതം എങ്ങനെ സമുദ്രത്തിലെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സീവേള്‍ഡ് അബൂദബി വരച്ചുകാണിക്കുന്നുണ്ട്. 1,83,000 ചതുരശ്ര മീറ്ററില്‍ ഒരുക്കിയിരിക്കുന്ന തീം പാര്‍ക്കിന് അഞ്ച് ഇന്‍ഡോര്‍ തലങ്ങളുണ്ട്. 58 ദശലക്ഷം ലിറ്റര്‍ വെള്ളം തീം പാര്‍ക്കില്‍ ഉള്‍ക്കൊള്ളുമെന്നാണ് അധികൃതരുടെ വിശദീകരണം.
മേഖലയിലെ ഏറ്റവും വലുതും അനേക സമുദ്രജീവികളാല്‍ സമ്പന്നവുമായ അക്വേറിയമാകും ഇത്. സ്രാവുകള്‍ അടക്കം 150ലേറെ സമുദ്രജീവികളെ സീ വേള്‍ഡില്‍ എത്തിക്കും. ഇതിനുപുറമെ നൂറുകണക്കിന് പക്ഷികളെയും പാര്‍ക്കില്‍ കൊണ്ടുവരും. സന്ദര്‍ശകര്‍ക്കായി റൈഡുകളും ഒരുക്കുന്നുണ്ട്. തീം പാര്‍ക്കിനോട് ചേര്‍ന്ന് സമുദ്ര ഗവേഷണ, പുനരധിവാസ കേന്ദ്രവും സജ്ജമാക്കുന്നുണ്ട്.
സീ വേള്‍ഡ് അബൂദബി മേഖലയിലെ ആഗോള സമുദ്രജീവിത അറിവ് സംബന്ധമായി പുത്തന്‍ ഏട് രചിക്കുമെന്ന് മിറാല്‍ ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്ക് പറഞ്ഞു. ജീവശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, ന്യൂട്രീഷ്യനിസ്റ്റ്, സമുദ്രജീവി പരിപാലന വിദഗ്ധര്‍ തുടങ്ങിയ പ്രഫഷനലുകളുടെ വലിയ സംഘമാവും തീം പാര്‍ക്കിലെ ജീവികളുടെ പരിപാലനത്തിലുണ്ടാവുക. യാസ് ദ്വീപില്‍ പൂര്‍ത്തിയായിവരുന്ന ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം എന്ന് അവകാശപ്പെടാവുന്ന നിര്‍മിതിക്ക് യാസ് സീവേള്‍ഡ് റെസ്‌ക്യൂ ആൻഡ് റിസര്‍ച് സെന്‍റര്‍ എന്നാണ് പുനര്‍നാമം ചെയ്തിരിക്കുന്നത്. സമുദ്രജീവി സംരക്ഷണം, സമുദ്ര ഗവേഷണം, ക്ഷേമ പ്രവര്‍ത്തനം തുടങ്ങിയവക്കായി ലോകത്തിലെ ഏറ്റവും വലുതും വിപുലവുമായ സൗകര്യമാണ് ഒരുങ്ങുന്നത്. വെല്ലുവിളി നേരിടുന്ന ജീവികളെ രക്ഷപ്പെടുത്താൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന സംവിധാനവും ഇതിന്‍റെ ഭാഗമാണ്. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ മറൈൻ തീം പാർക്കായ സീവേൾഡ് അബൂദബിയിൽ സമുദ്രത്തിലെ ആറുതരം പരിസ്ഥിതികൾ ആസ്വദിക്കാൻ സന്ദർശകർക്ക് സൗകര്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.