ദുബൈ: ഗസ്സയിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് യു.എ.ഇ സ്ഥാപിച്ച രണ്ടാമത് കടൽജല ശുചീകരണ പ്ലാന്റ് വിപുലീകരിച്ചു. ഗസ്സക്കു സമീപം ഈജിപ്തിന്റെ ഭാഗമായ റഫ അതിർത്തിയിലാണ് പ്ലാന്റ് തുറന്നത്. യു.എ.ഇ സഹമന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്യാൻ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. മെഡിറ്ററേനിയൻ കടലിൽനിന്ന് പ്ലാന്റിലേക്ക് പൈപ്പുകളിലൂടെ എത്തിക്കുന്ന വെള്ളം ഫിൽട്ടർ ചെയ്യുകയും ഗസ്സക്കാർക്ക് ഉപയോഗിക്കാനായി ഭൂഗർഭ മാർഗത്തിലൂടെ എത്തിക്കുകയും ചെയ്യുന്നതാണ് പദ്ധതി.
നേരത്തേ ആറു കണ്ടെയ്നർ ഉപയോഗിച്ചിരുന്ന പ്ലാന്റിൽ പുതുതായി ആറ് കണ്ടെയ്നറുകൾ കൂടിയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് പദ്ധതി മാനേജർ മുഹമ്മദ് അൽ റാഷിദി റഫയിൽ ദി നാഷനലിനോട് പറഞ്ഞു. ഇതുവഴി 1.2ലക്ഷം ഗാലൻ വെള്ളം ഗസ്സ നിവാസികൾക്ക് ലഭ്യമാക്കാൻ സാധിക്കും.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ്-3’ എന്ന ജീവകാരുണ്യ ഓപറേഷന്റെ ഭാഗമായാണ് കടൽജല ശുചീകരണ പ്ലാന്റുകൾ സ്ഥാപിച്ചത്. സഹായങ്ങൾ എത്തിക്കുന്നതിനായി ഈജിപ്തിന്റെ ഭാഗമായ അൽ ആരിഷിൽ യു.എ.ഇ വെയർഹൗസ് തുറന്നിട്ടുണ്ട്.
യുദ്ധത്തിൽ പ്രയാസപ്പെടുന്ന സാധാരണക്കാർക്ക് എത്തിക്കേണ്ട വിവിധ സഹായവസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമനുസരിച്ച് ഗസ്സയിലേക്ക് ഇവിടെനിന്ന് എത്തിക്കും. 121 ലോറികളിലും 129 കാർഗോ വിമാനങ്ങളിലുമായി 9,296 ടൺ സഹായവസ്തുക്കൾ നിലവിൽ ഗസ്സയിലേക്ക് എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.