അബൂദബി: യു.എ.ഇയിൽ വേനലവധി തുടരുകയാണ്. കടുത്ത ചൂടായതിനാൽ പലരും സ്വന്തം നാട്ടിലേക്ക് പോയിക്കഴിഞ്ഞു. മറ്റു ചിലർ യാത്രക്കുള്ള തയാറെടുപ്പിലുമായിരിക്കും. ഇവർ, യാത്രകൾ പോകും മുമ്പ് വീടുകൾ സുരക്ഷിതമാക്കണമെന്ന അഭ്യർഥനയാണ് അബൂദബി പൊലീസ് മുന്നോട്ടുവെക്കുന്നത്. ‘സുരക്ഷിത വേനൽ’ എന്ന പേരിൽ നടത്തിവരുന്ന ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് ഓർമപ്പെടുത്തൽ.
ദീർഘകാലത്തേക്ക് യാത്ര പോകുന്നവർ വീടുകളുടെ വാതിലുകൾ, ജനലുകൾ, അകത്തേക്കും പുറത്തേക്കും പോകാനുള്ള മറ്റ് വഴികൾ എന്നിവ ലോക്ക് ചെയ്തെന്ന് ഉറപ്പുവരുത്തണം.
സാധിക്കുമെങ്കിൽ വീട്ടിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണം. ദീർഘകാലം വീടുകളിൽ നിന്ന് വിട്ടുനിൽക്കുന്നവർ സ്വർണാഭരണങ്ങൾ, പണം, മറ്റ് വിലപ്പെട്ട രേഖകൾ തുടങ്ങിയ ബാങ്കുകളിലോ മറ്റ് സുരക്ഷിതമായ ലോക്കറുകളിലോ സൂക്ഷിക്കണം. മികച്ച സാങ്കേതിക വിദ്യകളും അലാറം സംവിധാനങ്ങളും ഉപയോഗിച്ചുകൊണ്ട് സുരക്ഷാ നടപടികൾ ത്വരിതപ്പെടുത്തണം.
വൈദ്യുതി ഉപകരണങ്ങൾ, ഗ്യാസ് സംവിധാനം എന്നിവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി ഇടക്കിടെ വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തണം. ഇത് ഷോർട്ട് സർക്യൂട്ട് വഴിയുള്ള അപകടങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.കൂടാതെ യാത്രകൾ സംബന്ധിച്ച വിവരം അയൽവാസികളെ അറിയിക്കണം.
ഇതുവഴി നിങ്ങളുടെ അഭാവത്തിലും വീടുകളും മറ്റും ശ്രദ്ധിക്കാൻ ഇവർക്ക് സഹായകമാവും. സുരക്ഷ നടപടികൾ പാലിച്ചുകൊണ്ട് സ്വന്തം ഭവനങ്ങളെ സംരക്ഷിക്കുന്നതിൽ ജാഗ്രത പുലർത്തുകയും ‘സുരക്ഷിത വേനൽ’ സംരംഭത്തോട് സഹകരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.