ദുബൈ: ഡിസംബറിൽ നടക്കുന്ന ദേശീയ ദിനാഘാഷവും പിന്നാലെ ക്രിസ്മസ് കാലവുമെത്തുന്നതോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച അരുതെന്ന നിർദേശവുമായി അധികൃതർ. ഓരോരുത്തരുടെയും ആരോഗ്യസുരക്ഷക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും ആഘോഷവേളകളിൽ കോവിഡ് മുൻകരുതൽ, പ്രതിരോധ നടപടികളുടെ മാർഗനിർദേശം കൃത്യമായി പാലിക്കപ്പെടണമെന്നും യു.എ.ഇ വക്താക്കൾ പതിവ് മാധ്യമ സമ്മേളനത്തിൽ ഉൗന്നിപ്പറഞ്ഞു.
വരാനിരിക്കുന്ന ഉത്സവ വേളകളിൽ സമ്മാനങ്ങളും ഭക്ഷണവും കൈമാറ്റം ചെയ്യുന്നത് അനുവദനീയമല്ല. എല്ലായ്പോഴും മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്താനും രണ്ടുമീറ്റർ സാമൂഹിക അകലം പാലിക്കാനും പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. പൊതുസൗകര്യങ്ങളിൽ കർശനമായ ശുചിത്വ പ്രോട്ടോകോൾ നടപ്പാക്കണം. അണുബാധ നിരക്ക് പരിമിതപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി പ്രവേശന കവാടങ്ങളിലും പുറത്തേക്കും തെർമൽ ഇമേജിങ് കാമറകൾ ഉറപ്പുവരുത്തണം. അവധിദിനങ്ങൾ വിദൂരമായി ആഘോഷിക്കാനുള്ള സൗകര്യങ്ങൾ കണ്ടെത്തണം -പൊതുജനങ്ങൾക്ക് നൽകിയ നിർദേശത്തിൽ അധികൃതർ ചൂണ്ടിക്കാട്ടി. പരമ്പരാഗതമായി ആഘോഷപൂർവം കൊണ്ടാടുന്ന ദേശീയദിന പരിപാടി ഇത്തവണ ജനക്കൂട്ടമില്ലാതെ നടത്താനുള്ള പദ്ധതികളാണ് അധികൃതർ ആവിഷ്കരിക്കുന്നത്. ഈ വർഷത്തെ ആഘോഷം പൊതു പ്രേക്ഷകരില്ലാതെയായിരിക്കും അബൂദബിയിൽ അരങ്ങേറുക.
രാജ്യത്ത് 1255 പുതിയ കോവിഡ് കേസുകൾ ചൊവ്വാഴ്ച കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മൊത്തം കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 1,52,809 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 715 പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട സങ്കീർണതകൾ കാരണം നാലു പേരാണ് ചൊവ്വാഴ്ച മരിച്ചത്. ഇതോടെ മരണസംഖ്യ 538 ആയി. എമിറേറ്റുകളിൽ 1,05,024 പരിശോധനകൾ നടത്തിയ ശേഷമാണ് ചൊവ്വാഴ്ച പുതിയ കേസുകൾ കണ്ടെത്തിയത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം 15.1 ദശലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തിയ രാജ്യം വൈറസിനെതിരായ പോരാട്ടം ശക്തമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.