ഷാർജ: ഷാർജ വിമാനത്താവള അതോറിറ്റി (എസ്.എ.എ) സ്വയം ചെക്ക്-ഇൻ സേവനങ്ങൾ നടപ്പാക്കിത്തുടങ്ങി.യാത്രക്കാർക്ക് അവരുടെ ഗ്രൗണ്ട് പ്രക്രിയകൾ വേഗത്തിൽ പൂർത്തിയാക്കാനും തിരക്കേറിയ സമയങ്ങളിൽ കാത്തിരിപ്പുസമയം കുറക്കുന്നതിനും ഇതുവഴി സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.നിലവിൽ എയർ അറേബ്യയിലെ യാത്രക്കാർക്ക് ഡിപ്പാർച്ചർ ഹാളിൽ സ്ഥിതിചെയ്യുന്ന സ്വയംനിയന്ത്രിത കിയോസ്കുകളുടെ സേവനം ലഭ്യമാണ്.
ഇതുവഴി യാത്രക്കാർക്ക് ചെക്ക്-ഇൻ ചെയ്യാനും ബോർഡിങ് പാസുകൾ എടുക്കാനും ബാഗുകൾ സൂക്ഷിക്കാനും കഴിയും. ഉപഭോക്താക്കളുടെ സംതൃപ്തി വർധിപ്പിക്കാനും ഷാർജയിലെ അവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തിലും സുരക്ഷിതമായും എത്തിച്ചേരാൻ അവരെ പ്രാപ്തരാക്കുന്നതിനുമാണ് സംവിധാനമൊരുക്കിയതെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
യാത്രക്കാരുടെ നടപടിക്രമങ്ങൾ നിരീക്ഷിക്കുന്നതിനും എയർപോർട്ട് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനും 112ലധികം സെൻസറുകളും ഷാർജ വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നത് നിരീക്ഷിക്കുന്നതിനും ശാരീരിക അകലം പാലിക്കുന്നതിനും ജീവനക്കാരുമായുള്ള സമ്പർക്കം കുറക്കുന്നതിനും ഇത് സഹായിക്കും.
യാത്രക്കാർക്ക് അവരുടെ ഇടപാടുകൾ 20 സെക്കൻഡിൽ പൂർത്തിയാക്കാൻ കഴിയും.യാത്രക്കാരൻ വിമാനത്തിൽ കയറുന്നതോടെ, ഓട്ടോമേറ്റഡ് ബോർഡിങ് പാസ് സിസ്റ്റം എല്ലാ വിവരങ്ങളും പരിശോധിക്കുകയും യാത്ര എളുപ്പമാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.