ദുബൈ: സ്വയം നിയന്ത്രിത ടാക്സികളുടെ സർവിസ് ആരംഭിക്കുന്നതിനു മുന്നോടിയായി ജുമൈറ സ്ട്രീറ്റിൽ ആരംഭിച്ച ഡിജിറ്റൽ മാപ്പിങ് പൂർത്തീകരിച്ചതായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. 2022ലെ എട്ടാമത് വാർഷിക സുസ്ഥിരത റിപ്പോർട്ട് പുറത്തിറക്കുന്നതിനിടെയാണ് അതോറിറ്റി ഇക്കാര്യം വെളിപ്പെടുത്തിയത്.
ആർ.ടി.എയും യു.എസ് കമ്പനിയായ ക്രൂസും ചേർന്നാണ് ദുബൈയിൽ ഡ്രൈവറില്ലാ ടാക്സികൾ സർവിസിനെത്തിക്കുന്നത്. 2030ഓടെ 4,000 ടാക്സികൾ ഇറക്കാനാണ് പദ്ധതി. ഇതുവഴി യു.എസിനു പുറത്ത് ആദ്യമായി ഡ്രൈവറില്ലാ ടാക്സികൾ സർവിസ് നടത്തുന്ന നഗരമായി ദുബൈ മാറും.
2030ഓടെ എമിറേറ്റിലെ വാഹനങ്ങളിൽ 25 ശതമാനം സ്വയം നിയന്ത്രിതമാക്കുകയാണ് ദുബൈയുടെ ലക്ഷ്യം. നാലു വർഷത്തിനുള്ളിൽ ദുബൈ ടാക്സി സർവിസുകൾ പൂർണമായും പരിസ്ഥിതി സൗഹൃദമാക്കാനുള്ള പദ്ധതിക്കും ആർ.ടി.എ അംഗീകാരം നൽകിയിട്ടുണ്ട്. ദുബൈയിലെ ടാക്സികൾ ഹൈബ്രിഡ്, ഇലക്ട്രിക്, ഹൈഡ്രജൻ എന്നിവയിലേക്ക് പരിവർത്തിപ്പിക്കുകയാണ് ലക്ഷ്യം. അതേസമയം, ഊർജത്തിലും ഹരിത സമ്പദ്വ്യവസ്ഥയിലും ശ്രദ്ധയൂന്നിയ 43 സംരംഭങ്ങളും ആർ.ടി.എ ആവിഷ്കരിച്ചിരുന്നു. ഇതുവഴി 86 ദശലക്ഷം കിലോവാട്ട് വൈദ്യുതിയും 50 ദശലക്ഷം ലിറ്റർ ഇന്ധനവും ലാഭിക്കാനായി.
കൂടാതെ കഴിഞ്ഞ വർഷം 2,01,000 ടൺ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് കുറക്കാനും സാധിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.