ദുബൈ: ഹത്ത മേഖലയിലെ സേവന പദ്ധതികൾ വേഗത്തിലാക്കാൻ ദുബൈ നഗരസഭാ ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജിറിയുടെ നിർദേശം.
പ്രദേശത്ത് നടപ്പിൽ വരുത്തുന്ന വികസന പ്രവർത്തനങ്ങൾ സന്ദർശിച്ച് വിലയിരുത്തിയ അദ്ദേഹം പൗരൻമാർക്കും താമസക്കാർക്കും സർക്കാർ വിഭാവനം ചെയ്യുന്ന സൗകര്യങ്ങളെല്ലാം ലഭ്യമാക്കണമെന്ന് ഉണർത്തി. വിവിധ ഉദ്യോഗസ്ഥർക്കൊപ്പം എത്തിയ അദ്ദേഹം ഹത്ത പൈതൃക മാർക്കറ്റ്, സാമൂഹിക കേന്ദ്രം, ജീവനക്കാരുടെ താമസ കേന്ദ്രം, നഗരസഭാ ഒാഫീസ് എന്നിവയുടെ പ്രവൃത്തികൾ വിലയിരുത്തി.
രണ്ടു നിലകളിലായി പണിയുന്ന ഹത്ത സാമൂഹിക കേന്ദ്രത്തിൽ വിദ്യാഭ്യാസ കേന്ദ്രം, കഫറ്റീരിയ, ജിംനേഷ്യം, പ്രാർഥനാ മുറി എന്നിവ ഉൾക്കൊള്ളുന്നു. ഒന്നാം നില സ്ത്രീകൾക്ക് മാത്രമായാണ് സജ്ജീകരിക്കുന്നത്. 6,000 ചതുരശ്ര മീറ്ററിൽ നിർമിക്കുന്ന ഹെറിറ്റേജ് മാർക്കറ്റിൽ ഹോട്ടൽ മുറികളും റസ്റ്റോറൻറുകളും ഉൾപ്പെടെ അമ്പതിലേറെ സ്ഥാപനങ്ങളുണ്ടാവും. മേഖലയുടെ വിനോദ സഞ്ചാര വികസനത്തിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും ഇതു മുതൽക്കൂട്ടാവും.
1.10 കോടി ദിർഹം ചെലവിൽ 1390 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നഗരസഭാ ഒാഫീസ് നിർമിക്കുന്നത്. തൊഴിലാളികളുടെ താമസ കേന്ദ്രത്തിലും നഗരസഭാ ഉദ്യോഗസ്ഥരുടെ ഭവന സമുച്ചയത്തിലും ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ഒമ്പതു കോടി ദിർഹം ചെലവിട്ട് 27,650 ചതുരശ്ര മീറ്ററിൽ 131 വീടുകളാണ് ഉദ്യോഗസ്ഥർക്കായി നിർമിക്കുന്നത്. മേഖലയിൽ തേൻ ഉൽപാദനവും പരിസ്ഥിതി താൽപര്യവും ലക്ഷ്യമിട്ട് ഒരു ലക്ഷം മരം നടുന്ന ഹത്ത ഒാക്സിജൻ പദ്ധതിയുടെ പുരോഗതിയും അൽ ഹജീറി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.