പ്രധാനപാതയിൽ ഏഴിടത്ത് പരിഷ്കരണങ്ങൾ: ശൈഖ് സായിദ് റോഡിലെ ട്രാഫിക് ഇനി സുഗമമാകും

ദുബൈ: നഗരത്തിലെ ജീവനാഡിയായ ശൈഖ് സായിദ് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിച്ച്​ സുഗമമായ യാത്രക്കായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) പ്രധാനപാതയിൽ ഏഴോളം സ്ഥലങ്ങളിൽ പരിഷ്കരണങ്ങൾ വരുത്തി. ഗതാഗതക്കുരുക്കിൽ മണിക്കൂറുകൾ നഷ്​ടമാകുന്ന യാത്രികർക്കും തടസ്സമില്ലാത്ത യാത്ര ആഗ്രഹിക്കുന്ന ഡ്രൈവർമാർക്കും സന്ദർശകർക്കും ഏറെ പ്രയോജനപ്രദമാകുന്ന പരിഷ്കരണമാണ് ആർ.ടി.എ നടപ്പാക്കിയത്. പാത ഇരട്ടിപ്പിനും ആവശ്യമായ ലൈനുകൾ കൂട്ടിച്ചേർത്ത് വാഹനപ്രവാഹം വർധിപ്പിക്കാനും ഉൗഴം കാത്തിരിക്കുന്ന വാഹനനിരയുടെ നീളം കുറക്കാനും അനുയോജ്യമായ ഇടപെടലുകളാണ് ആർ.ടി.എ നടത്തിയത്.

ഗതാഗതക്കുരുക്ക് കുറക്കാനും റോഡിലെ വാഹനപ്രവാഹം വർധിപ്പിക്കാനും ആർ.ടി.എ നടപ്പാക്കിയ മാറ്റങ്ങൾ, സുഗമവും സുസ്ഥിരവുമായ യാത്ര ഉറപ്പുവരുത്തുന്ന ലോകത്തിലെ ഒന്നാമനാവുക​യെന്ന അതോറിറ്റിയുടെ ദീർഘവീക്ഷണത്തി​െൻറ ഭാഗമാണെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ്​ റോഡ്സ് ഏജൻസി സി.ഇ.ഒ മെയ്ത്ത ബിൻ അദായി ചൂണ്ടിക്കാട്ടി. പരിഷ്കാരങ്ങൾ മികച്ച യാത്രാനുഭവമാണ് ഇതുവഴി കടന്നുപോകുന്നവർക്ക് ഉറപ്പുനൽകുന്നത്.

ട്രാഫിക് ഇടനാഴികളിലെ പരിഷ്കരണങ്ങളും വിപുലീകരണങ്ങളും വഴി വർധിച്ചുവരുന്ന വാഹനവ്യൂഹത്തെ ഉൾക്കൊള്ളുന്നതോടൊപ്പം സമയംനഷ്​ടം നികത്തി മികച്ച ജീവിതനിലവാരം ഉറപ്പുവരുത്താനും ഉപകരിക്കുമെന്നും മെയ്ത്ത ബിൻ അദായി കൂട്ടിച്ചേർത്തു. പ്രധാന പരിഷ്കരണമായി എമിറേറ്റ്സ് മാളിന് സമീപത്തെ 39 എക്സിറ്റ് റോഡ് വീതികൂട്ടി പാത ഇരട്ടിപ്പിച്ചു. ഇരട്ടപ്പാത സജ്ജമായതോടെ ഇരട്ടിയോളം വാഹനങ്ങളെ ഇനി ഉൾക്കൊള്ളാനാവും. മണിക്കൂറിൽ 1,800 വാഹനങ്ങളെ വഹിച്ചിരുന്ന ഇവിടം ഇനി 3,600 വാഹനങ്ങൾക്ക് വരെ സുഗമമായി കടന്നുപോകാനാവും. ഇതോടെ ശൈഖ് സായിദ് റോഡിൽനിന്ന് ഉമ്മുസുഖിമിലേക്കുള്ള യാത്രാ സമയം 1.45 ആയി ചുരുങ്ങി. നേരത്തേ 12 മിനിറ്റ് ആവശ്യമായിരുന്നു. ഒപ്പം ഒരു കിലോമീറ്റർ നീളത്തിൽ രൂപപ്പെടുന്ന വാഹനങ്ങളുടെ നീണ്ടനിര കേവലം 50 മീറ്ററിലൊതുങ്ങും.

സഫ പാർക്ക് ഇൻറർചേഞ്ചിലേക്കുള്ള ഉമ്മുഅമര സ്ട്രീറ്റിലെ പാത മെച്ചപ്പെടുത്തിയതോടെ റൗണ്ട് എബൗട്ടിലെ തടസ്സങ്ങൾ കുറഞ്ഞു. ഇതു അബൂദബിയുടെ ദിശയിലേക്കുള്ള ട്രാഫിക് വർധിപ്പിച്ചു. യാത്ര സുഗമമായി. അബൂദബി ദിശയിലേക്ക് ഡിസംബർ രണ്ട്​ സ്ട്രീറ്റ് മുതൽ ശൈഖ് സായിദ് റോഡ് വരെയുള്ള പാതയിലെ ഫ്രീ റൈറ്റ് റോഡിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. പാതയുടെ സംഭരണ ​​ശേഷി വർധിപ്പിക്കുന്ന പ്രവൃത്തികൾ ഉൾപ്പെടെ പൂർത്തിയാക്കിയാണ് റോഡ് നവീകരിച്ചത്. ഇതോടെ ട്രേഡ് സെൻറർ റൗണ്ട് എബൗട്ടിലെ ട്രാഫിക് പ്രവാഹം തടസ്സമില്ലാതെ വർധിക്കും.

മാത്രമല്ല, വാഹനങ്ങളുടെ നിരയുടെ ദൈർഘ്യം കുറക്കാനും കഴിയും. അൽ ബർഷയിലെ നോവോട്ടൽ ഹോട്ടലിന് സമീപത്തെ അൽ തോവിമ സ്ട്രീറ്റിൽ വരുത്തിയ പരിഷ്കരണങ്ങൾ സർവിസ് റോഡിലെ തിരക്ക് ഗണ്യമായി കുറക്കാനിടയാക്കും. മാത്രമല്ല, ശൈഖ് സാ‍യിദ് റോഡിലെ ആന്തരിക പാതകളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനും നവീകരണം സഹായകരമാകും.

അഞ്ചാമത്തെ പരിഷ്കരണം അബൂദബിയുടെ ദിശയിലേക്കുള്ള ആദ്യത്തെ ഇൻറർചേഞ്ചിൽ ഷാങ്‌രി-ലാ ഹോട്ടലിന്​ സമീപത്താണ്. ഇവിടെ ഒരു പുതിയ ലൈൻ കൂടി സ്ഥാപിച്ചതോടെ മണിക്കൂറിൽ 1,800 വാഹനങ്ങളെ റോഡിന് ഉൾക്കൊള്ളാനാവും. ദുബൈ മാളി​െൻറ ദിശയിലുള്ള എക്സിറ്റിൽ മൂന്നാമതൊരു ലൈൻ കൂടി യാഥാർഥ്യമാക്കിയതോടെ റോഡിന് താങ്ങാവുന്ന വാഹനങ്ങളുടെ എണ്ണം മണിക്കൂറിൽ 5,400 ആയി.

ഈ പരിഷ്​കരണങ്ങൾ ശൈഖ് സായിദ് റോഡിലെ ഫസ്​റ്റ്​ ഇൻറർചേഞ്ചിന് സമീപത്തെ ഗതാഗതം സുഗമമാക്കാൻ ഉപകരിക്കും. ശൈഖ് സായിദ് റോഡിലെ ഷാർജയുടെ ദിശയിലേക്കുള്ള ആദ്യ ഇൻറർചേഞ്ചിന് സമീപത്തും പരിഷ്കരണം നടന്നു. പുതിയൊരു പാത ഇവിടെ കൂട്ടിച്ചേർത്തതോടെ മണിക്കൂറിൽ 1,800 വാഹനങ്ങളെ ഉൾക്കൊള്ളാവുന്ന വിധത്തിൽ റോഡി​െൻറ ശേഷി വർധിച്ചു. ഇതോടെ സർവിസ് റോഡിലെ പ്രവേശന കവാടത്തിൽ വാഹനങ്ങൾ നിരനിരയായി കാത്തിരിക്കുന്ന സമയം ഗണ്യമായി കുറയും. തടസ്സമില്ലാതെ സുഗമമായ ട്രാഫിക് ഉറപ്പുവരുത്താൻ എൻ‌ട്രി, എക്സിറ്റ് പോയൻറുകളിലും കൂടുതൽ‌ പരിഷ്കരണങ്ങൾ നടത്തി.

ഷാർജ (അൽ മാനറ എക്സിറ്റ്) ദിശയിലുള്ള നാലാമത്തെ ഇൻറർചേഞ്ചി​െൻറ എൻട്രി / എക്സിറ്റ് പോയൻറുകളും പരിഷ്കരിച്ചു. ഇതോടെ മണിക്കൂറിൽ 10,800 വാഹനങ്ങളെ വഹിച്ചിരുന്ന റോഡിന് 12,600 വാഹനങ്ങളെ ഉൾക്കൊള്ളാനാവും. നൂർ ബാങ്ക് മെട്രോ സ്​റ്റേഷനുശേഷം സർവിസ് റോഡിലേക്കുള്ള എക്സിറ്റിന് സമീപം ഒരുപാത കൂടി ഉൾപ്പെടുത്തിയാണ് ഇവിടെ പരിഷ്കരണം പൂർത്തീകരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.