യാസ് താമസ മേഖല വികസനത്തിന് നിരവധി പദ്ധതികൾ

അബൂദബി: നോർത്ത് യാസ് താമസമേഖലയുടെ വികസനത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച മുതൽ നിരവധി അടിസ്ഥാന വികസന പദ്ധതികൾ ആരംഭിക്കുമെന്ന് അബൂദബി നഗര ഗതാഗത വകുപ്പ് അറിയിച്ചു.

റോഡിന്‍റെ ഗുണനിലവാരവും സുരക്ഷയും വർധിപ്പിക്കൽ, ഹരിത ഇടങ്ങൾ വ്യാപിപ്പിക്കുക, ദൃശ്യഭംഗി സംരക്ഷിക്കുക, ദീർഘകാല അടിസ്ഥാന സൗകര്യവികസന പദ്ധതികൾ തയാറാക്കുക തുടങ്ങിയവയാണ് നടപ്പാക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് അബൂദബി നഗരഗതാഗത വകുപ്പ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. അഞ്ചുഘട്ടങ്ങളിലായാണ് പദ്ധതി. ആദ്യഘട്ടം 2023 ആദ്യപാദത്തിൽ അവസാനിക്കും. പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഉണ്ടായേക്കാവുന്ന തടസ്സങ്ങൾക്ക് പരിഹാരമാർഗങ്ങളും അധികൃതർ ഒരുക്കുന്നുണ്ട്.

പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വീടുകളിലേക്കും പൊതുഇടങ്ങളിലേക്കും അനായാസം പ്രവേശിക്കുന്നതിനായി സഹായം നൽകാൻ നിർമാണജോലി നടക്കുന്ന ഇടങ്ങളിൽ പ്രത്യേകം ആളുകളെ നിയോഗിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

താമസകേന്ദ്രങ്ങളിലെ റോഡുകൾ മെച്ചപ്പെടുത്തുക, അടിസ്ഥാന സൗകര്യം വർധിപ്പിക്കുക, നടപ്പാതകൾ ഒരുക്കുക, മഴവെള്ളം ഒഴുക്കിവിടുന്നതിനുള്ള കാനകൾ സജ്ജീകരിക്കുക തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. മേഖലയിലെ 13600 ചതുരശ്ര മീറ്റർ വ്യാപ്തിയുള്ള ആദ്യ പൊതു ഉദ്യാനവും നിർമിക്കുന്നുണ്ട്.

പാർക്കിങ് സൗകര്യം, ഫുട്ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ബാഡ്മിൻറൺ കോർട്ടുകൾ, ചന്ത, കുട്ടികളുടെ കളിയിടം എന്നിവയും ഇവിടെയൊരുക്കും.

അൽ ഇശ്ബാഹ് സ്ട്രീറ്റിനെയും യാസ് ഡ്രൈവിങ് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന സൈക്കിൾ ട്രാക്ക് പൂർത്തീകരിക്കുന്നതിന്‍റെ ഭാഗമായി 1.8 കിലോമീറ്റർ നീളത്തിൽ സൈക്കിൾ ട്രാക്കും അധികൃതർ ഒരുക്കുന്നുണ്ട്.

Tags:    
News Summary - Several projects for the development of Yas residential area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.