ഹാക്കിങ്ങിനും ഇ-ക്രൈമുകൾക്കും കടുത്ത ശിക്ഷ

ദുബൈ: ഹാക്കിങ് അടക്കമുള്ള ഓൺലൈൻ രംഗത്തെ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകുമെന്ന് യു.എ.ഇ പബ്ലിക്ക് പ്രോസിക്യൂഷൻ. കുറഞ്ഞത് ഒരുലക്ഷം ദിർഹം പിഴയും ചില കേസുകളിൽ ജയിൽ ശിക്ഷയും ലഭിക്കുമെന്ന് അധികൃതർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. കടുത്ത കുറ്റകൃത്യങ്ങൾക്ക് പിഴ അഞ്ചുലക്ഷം വരെ വർധിപ്പിക്കുകയും ചെയ്യും.

ഇ-ക്രൈമുകളും അഭ്യൂഹങ്ങളും തടയുന്നതിന് രൂപപ്പെടുത്തിയ ഫെഡറൽ നിയമമനുസരിച്ചാണ് നടപടി സ്വീകരിക്കുക.നിയമവിരുദ്ധമായി വെബ്സൈറ്റുകൾ, നെറ്റ്വർക്കുകൾ, മറ്റു വിവരസാങ്കേതികവിദ്യ ഉപകരണങ്ങൾ എന്നിവക്കെതിരായ എല്ലാ ആക്രമണങ്ങളും നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണ്.

കൂടുതൽ ഗുരുതരമായ കുറ്റങ്ങൾക്ക് പിഴയും ജയിൽ ശിക്ഷയും വർധിപ്പിക്കാനും അധികൃതർക്ക് അനുമതിയുണ്ട്. തടവുശിക്ഷ ആറുമാസം വരെയാണ് നൽകാനാവുക. ഹാക്ക് ചെയ്യപ്പെടുന്ന വെബ്സൈറ്റിന് സംഭവിക്കുന്ന കേടുപാടുകളുടെ തോതും നഷ്ടപ്പെടുന്ന വിവരങ്ങളുടെ പ്രാധാന്യവുമെല്ലാം വിലയിരുത്തിയാണ് ശിക്ഷ വിധിക്കുന്നത്.ഓണ്‍ലൈനിലൂടെ ഭീഷണിപ്പെടുത്തുകയോ ബ്ലാക്ക്‌മെയില്‍ ചെയ്യുകയോ ചെയ്താല്‍ കനത്ത ശിക്ഷ നല്‍കുമെന്ന് പബ്ലിക്ക് പ്രോസിക്യൂഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇത്തരം കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് 250,000 ദിര്‍ഹവും പരമാവധി 500,000 ദിര്‍ഹവും പിഴ ചുമത്തും. ഒപ്പം നിയമലംഘകര്‍ക്ക് പരമാവധി രണ്ടുവര്‍ഷം വരെ തടവും ലഭിക്കും. മറ്റൊരാളെ ഭീഷണിപ്പെടുത്തുക, ബ്ലാക്ക്‌മെയില്‍ ചെയ്യുക, ഒരാള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യാന്‍ പ്രേരിപ്പിക്കുക, സമ്മര്‍ദത്തിലാക്കുക തുടങ്ങിയവ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.

കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാമെന്നും പബ്ലിക്ക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഓണ്‍ലൈനില്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്നവര്‍ക്കും കനത്ത ശിക്ഷ ചുമത്തുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ ബോധവത്കരണ ശ്രമങ്ങളുമായി രംഗത്തെത്തിയത്. 

Tags:    
News Summary - Severe punishment for hacking and e-crimes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.