ദുബൈ: യു.എ.ഇയുടെ ദേശീയദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലയാളിയായ ഷഫീഖ് അബ്ദുൽ റഹ്മാൻ. തെൻറ റോൾസ് റോയിസ് കാറിൽ യു.എ.ഇ ദേശീയ പതാകയുടെ നിറംപകർന്നും വിവിധ ഭാഷകളിൽ ആശംസാവാക്കുകളും പ്രചോദന വാക്കുകളും എഴുതിയുമാണ് കോഴിക്കോട് സ്വദേശി ഷഫീഖ് യു.എ.ഇക്ക് ഐക്യദാർഢ്യം അറിയിച്ചത്. കോവിഡ് പ്രതിരോധത്തിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിലൊന്നായ യു.എ.ഇക്ക് ആശംസ അറിയിച്ചുകൊണ്ടുള്ള ആശയങ്ങളാണ് കാറിന് പുറത്ത് ആവിഷ്കരിച്ചിരിക്കുന്നത്. ഭീതിയിൽനിന്ന് ജനങ്ങളെ ചേർത്തുനിർത്താനും കൈപിടിച്ചുയർത്താനും യു.എ.ഇ ഭരണാധികാരികൾ സ്വീകരിച്ച സമീപനങ്ങളാണ് ഇത്തരം ഐക്യദാർഢ്യത്തിന് പ്രേരകമായതെന്ന് ഷഫീഖ് പറഞ്ഞു.
യു.എ.ഇയിലെ ഏറ്റവും വലിയ സ്മാർട്ട് പൊലീസ് സ്റ്റേഷനായ മുറഖബാത്ത് സ്റ്റേഷൻ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ അലങ്കരിക്കുന്നതിലും ഷഫീഖ് ചെയർമാനായ അൽമാനിയ ഗ്രൂപ് പങ്കാളികളായി. മുറഖബാത്ത് പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ദുബൈ പൊലീസ് ബ്രിഗേഡിയർ അലി അഹ്‌മദ് ഗാനം ഷഫീഖിന് ഉപഹാരം നൽകി ആദരിച്ചു. ലെഫ്റ്റനൻറ് കേണൽ ഖലീഫ അലി റാഷിദ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു. 10 വർഷമായി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കാർ അലങ്കാര പ്രദർശനങ്ങളിൽ ഷഫീഖ് റഹ്‌മാനും ഗ്രൂപ്പും സജീവമായി പങ്കെടുക്കാറുണ്ട്. ഒാരോ തവണയും വ്യത്യസ്തമായ ആശയങ്ങളും ചരിത്രവും ഉൾക്കൊണ്ടാണ് കാറുകൾ അലങ്കരിക്കാറുള്ളത്. ഫാത്തിമത്തുൽ ഹർഷയാണ് ഭാര്യ. മക്കൾ: ഷസ ഷഫീഖ്, ഫസ്സ അബ്ദുറഹ്മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.