ദുബൈ: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.കെ പ്രധാനമന്ത്രി ഋഷി സുനകുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളുടെയും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കെവരിക്കുന്നതിന് പരസ്പരം സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടന്നത്. യു.എ.ഇയും യു.കെയും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ ബന്ധത്തെ അവലോകനം ചെയ്ത നേതാക്കൾ, 2021ൽ പ്രഖ്യാപിച്ച ‘ഭാവിയിലേക്കുള്ള പങ്കാളിത്തം’ എന്ന ധാരണയുടെ മുന്നോട്ടുപോക്കും വിലയിരുത്തി. സഹകരണം കൂടുതൽ സജീവമാക്കാനും ശക്തിപ്പെടുത്താനുമുള്ള വഴികൾ ഇരുവരും പങ്കുവെച്ചു.
ഇരു രാജ്യങ്ങളും തമ്മിൽ നേരത്തെ ധാരണയിലെത്തിയ വിവിധ സംരംഭങ്ങളുടെ വളർച്ചയും നേതാക്കൾ പരസ്പരം പങ്കുവെച്ചു. പരസ്പര താൽപര്യമുള്ള വിവിധ അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളും ചർച്ചയിൽ കടന്നുവന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര തലത്തിലും മേഖലയിലും സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് ഇരു രാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കണമെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദും ഋഷി സുനകും അഭിപ്രായപ്പെട്ടു.
നിരവധി സുപ്രധാന മേഖലകളിൽ യു.എ.ഇ ചരിത്രപരമായി ശക്തമായ ബന്ധം സൂക്ഷിക്കുന്ന രാജ്യമാണ് യു.കെ. 2021ൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടൻ സന്ദർശിക്കുകയും അന്നത്തെ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈയവസരത്തിലാണ് ‘ഭാവിയിലേക്കുള്ള പങ്കാളിത്തം’ എന്ന പേരിൽ സഹകരണം വർധിപ്പിക്കുന്നതിന് കരാറിലെത്തിയത്. യൂറോപ്പിന് പുറത്ത്, ചൈനക്കും യു.എസിനും ശേഷം യു.കെയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു.എ.ഇ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.