ദുബൈ: അറബ് ലോകത്തിന്റെ ഭാവി സ്വപ്നങ്ങളുമായി ബഹിരാകാശത്തേക്ക് പറന്നുയർന്ന സുൽത്താൻ അൽ നിയാദിയുടെ വിശേഷങ്ങൾ ചോദിച്ച് ചൊവ്വാഴ്ച ആ വിളിയെത്തി. യു.എ.ഇയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് മാർഗദർശിയായ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമായിരുന്നു അത്. അൽ നിയാദി സുരക്ഷിതമായി ബഹിരാകാശത്ത് എത്തിച്ചേർന്നതിൽ സന്തോഷം അറിയിച്ചുകൊണ്ടാണ് അദ്ദേഹം സംസാരം തുടങ്ങിയത്. പിന്നീട് അറബ് യുവതയുടെ സ്വപ്നങ്ങളുമായി സാഹസിക ദൗത്യത്തിന് പുറപ്പെട്ട ഇമാറാത്തി പൗരന് എല്ലാ ആശംസകളും നേർന്നു. പിന്നീട് സംസാരിച്ച അൽ നിയാദി വളരെ സന്തോഷവാനാണെന്ന് മറുപടി നൽകി. മുമ്പ് ശൈഖ് മുഹമ്മദ് ആദ്യ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂരിക്ക് നൽകിയ ഉപദേശങ്ങൾ ഓർമയിലുണ്ടെന്നും നിശ്ചയിക്കപ്പെട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കി തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. തുടർന്ന് വീണ്ടും ശൈഖ് മുഹമ്മദ് ആശംസകൾ നേർന്നു.
‘നാസ’ ടി.വി തത്സമയം സംപ്രേഷണം ചെയ്ത സംഭാഷണം പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ നിലയത്തിൽവെച്ചാണ് ശൈഖ് മുഹമ്മദ് സംസാരിച്ചത്. മുന്നിൽ തെളിഞ്ഞ വലിയ സ്ക്രീനിൽ അൽ നിയാദിയെ കാണാമായിരുന്നു. ഹസ്സ അൽ മൻസൂരി ശൈഖ് മുഹമ്മദിന് സമീപത്തുണ്ടായിരുന്നു. ബഹിരാകാശ നിലയത്തിൽ യു.എ.ഇയുടെയും ബഹിരാകാശ നിലയത്തിന്റെയും പതാകകളുടെ പശ്ചാത്തലത്തിലാണ് അൽ നിയാദിയുണ്ടായിരുന്നത്. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ നിലയത്തിന്റെ ഭാഗ്യ ചിഹ്നമായ ‘സുഹൈലും’ സ്ക്രീനിൽ കാണാമായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച യു.എസിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ നിലയത്തിൽനിന്ന് സ്പേസ് എക്സ് റോക്കറ്റിൽ പറന്നുയർന്ന അൽ നിയാദി വെള്ളിയാഴ്ചയാണ് ബഹിരാകാശ നിലയത്തിലെത്തിയത്. ഇതിനുശേഷം ആദ്യമായാണ് അദ്ദേഹം ഭൂമിയിലുള്ള ഒരാളുമായി സംസാരിക്കുന്നത്. നേരത്തേ ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്ന് യാത്രക്ക് അവസാന മണിക്കൂർ മാത്രം ബാക്കിനിൽക്കെ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഫോണിൽ വിളിച്ച് നിയാദിയുമായി നടത്തിയ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും. ഇവയിൽ 20 പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ് നിർവഹിക്കുക. വരും ആഴ്ചകളിൽ സ്കൂൾ കുട്ടികളുമായി സംവദിക്കുന്നതടക്കം വിവിധ സംഭാഷണങ്ങളിൽ അൽ നിയാദി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.