ദുബൈ: സാമൂഹിക മാധ്യമങ്ങളിൽ വിവിധ വിഷയങ്ങളിൽ നിലപാട് പറയുന്നത് സമൂഹത്തിലെ വിഭജനങ്ങൾ കുറയണമെന്ന ആഗ്രഹത്തോടെയാണെന്ന് യുവനടൻ ഷെയ്ൻ നിഗം. കളമശ്ശേരി, ഫലസ്തീൻ ഐക്യദാർഡ്യ പോസ്റ്റുകൾ ചർച്ചയായത് സംബന്ധിച്ച ചോദ്യത്തിന് മാധ്യമങ്ങളോട് മറുപടി പറയവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോസ്റ്റുകൾ ഇടേണ്ടിയിരുന്നില്ല എന്ന് ഒരിക്കലും തോന്നിയിട്ടില്ല. സാമൂഹികമാധ്യമങ്ങളിലൂടെ പറയുന്നത് നിലപാട് തന്നെയാണ്. നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങൾ സിനിമയെ ബാധിക്കുമെന്ന് തോന്നുന്നില്ല. നല്ല സിനിമ ആളുകൾ കാണും. അല്ലെങ്കിൽ കാണില്ല. എല്ലാ മനുഷ്യരെയും ഒന്നായാണ് കാണുന്നത്. ആരോടും ഒരു വിദ്വേഷവുമില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുതായി പുറത്തിറങ്ങുന്ന ‘ലിറ്റിൽ ഹാർട്ട്’ സിനിമ സംബന്ധിച്ച് വിശദീകരിക്കാനാണ് ദുബൈയിൽ വാർത്താസമ്മേളനം വിളിച്ചു ചേർത്തത്. സമീപ കാലത്ത് ഉണ്ണിമുകുന്ദനുമായി ബന്ധപ്പെടുത്തിയുണ്ടാ വിവാദത്തിൽ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പുചോദിക്കുന്നതായും ഷെയ്ൻ നിഗം പറഞ്ഞു. തമാശയായി പറഞ്ഞ കാര്യം വിവാദമാക്കുകയായിരുന്നുവെന്നും ഇനിമുതൽ ശ്രദ്ധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടി മഹിമ നമ്പ്യാർ, നിർമാതാവ് സാന്ദ്ര തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ജൂൺ ഏഴിനാണ് ‘ലിറ്റിൽ ഹാർട്ട്’ സിനിമ ഗൾഫ് മേഖലയിൽ റിലീസ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.