അബൂദബി: അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ (എ.ഡി.എക്സ്) ലിസ്റ്റ് ചെയ്തിരിക്കുന്ന സ്വകാര്യ കമ്പനികള്‍ ഇനിമുതല്‍ ഓഹരിവില സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഡയറക്ടർ ബോര്‍ഡ് മീറ്റിങ്ങുകള്‍ കൂടുന്ന തീയതിയും അജണ്ടയും വെളിപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥ. ബോര്‍ഡ് യോഗം ചേരുന്നതിന്റെ രണ്ടുദിവസം മുമ്പ് ഇവ അറിയിക്കണമെന്നാണ് എ.ഡി.എക്സ് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്.
യോഗം തീര്‍ന്ന ശേഷം യോഗത്തിലെടുത്ത തീരുമാനങ്ങളെക്കുറിച്ച് വിവരങ്ങൾ പുറത്തുവിടണമെന്നും സര്‍ക്കുലറില്‍ പറയുന്നു. നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ നിയമലംഘനം നടത്തിയതായി കണക്കാക്കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി. എ.ഡി.എക്സില്‍ ഉള്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ സാമ്പത്തിക റിപ്പോര്‍ട്ട് ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ഇലക്ട്രോണിക് സേവന മാര്‍ഗത്തിലൂടെ അധികൃതര്‍ക്ക് കൈമാറണം.
രാവിലെ ഒമ്പതിന് മുമ്പായി സാമ്പത്തിക വിവരം കൈമാറാത്ത കമ്പനികള്‍ക്ക് അന്നത്തെ ദിവസം രാവിലെ 9 മുതല്‍ 9.30 വരെയുള്ള കമ്പനിയുടെ വ്യാപാരം റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഡേറ്റ കൈമാറിയാല്‍ 9.30ന് ശേഷം വ്യാപാരം തുടരാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.