സ്വന്തം ലേഖിക കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കടലിന്റെ മനോഹാരിത അടുത്തറിയാൻ കൊതിക്കാത്തവരുണ്ടാവില്ല. നിഗൂഢതകളും അനേകായിരം അപൂർവ്വ ജീവികളുമൊക്കെയുള്ള ആഴക്കടലിലെ വിസ്മയങ്ങൾ കാണാനൊരവസരമുണ്ട് ഷാർജയിൽ. സമുദ്ര ജീവികളെ ആളുകൾക്ക് പരിചയപ്പെടുത്താനായി 2008ൽ നിർമ്മിച്ച ഷാർജ മറൈൻ അക്വേറിയം. വലുതും ചെറുതുമായ നിരവധി കടൽ ജീവികളാണ് ഇവി ടെയുള്ളത്. കടലിലേതിന് സമാനമായ അന്തരീക്ഷം നൽകി അവയെ പരിപാലിച്ച് പോരുന്നതിനൊപ്പം, കടൽ ജീവികളെക്കുറിച്ച് കൂടുതലറിയാൻ സഹായിക്കുന്നതുമാണ് ഈ മറൈൻ അക്വേറിയം. ഷാർജ മ്യൂസിയം അതോറിറ്റിക്കു കീഴിൽ അൽ ഖാൻ ബീച്ചിന് സമീപമാണ് ഷാർജ അക്വേറിയം പ്രവർത്തിക്കുന്നത്. 6,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ മറൈൻ അക്വേറിയം രണ്ട് നിലകളിലായാണ് ഒരുക്കിയിട്ടുള്ളത്. 20 വ്യത്യസ്ത തരം അക്വേറിയങ്ങൾ ഉൾപ്പെടുന്നതാണ് ഈ വിസ്മയം. കടലിനുള്ളിലെ ജീവജാലങ്ങളെ കുറിച്ച് കൂടുതലറിയാൻ സഹായിക്കുന്ന ഇവിടെ 150ലധികം സമുദ്ര ജീവികളയും അപൂർവ്വ കടൽ ജീവികളെയും കാണാനാകും. സ്രാവുകൾ, കടൽക്കുതിരകൾ, ക്ലൗൺ ഫിഷുകൾ എന്നിവയും പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളുമൊക്കെ അവയുടെ ആവാസ വ്യവസ്ഥക്കനുസരിച്ച് ഇവിടെയുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനും കടൽ ജീവികളുടെ സംരക്ഷണത്തിനും പ്ലാസ്റ്റിക്കിനെതിരെയുമൊക്കെ നിരവധി കാമ്പയിനുകളും ഷാർജ അക്വേറിയം നടത്താറുണ്ട്. കടലിലെ ഓരോ ജീവികളെയും അത്ഭുതത്തോടെയാണ് ഓരോ സന്ദർശകരും ആസ്വദിക്കുന്നത്. കുരുന്നുകളാവട്ടെ കഥകളിൽ കേട്ട കടൽ ജീവികളെ നേരിട്ടുകണ്ട സന്തോഷത്തിലുമാവും. പവിഴപ്പുറ്റുകൾ വളരാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സമുദ്ര മലിനീകരണത്തിന്റെ തീവ്രതയെക്കുറിച്ചും അതുണ്ടാക്കുന്ന പാരിസ്ഥിതിക നാശങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കാനും ഷാർജ അക്വേറിയം മുൻകയ്യെടുക്കുന്നുണ്ട്. കടലിനെ അടുത്തറിയാനായി നിരവധി വിദ്യാർഥികളാണ് സ്കൂളിൽ നിന്നും അല്ലാതെയും ഇവിടെയെത്തുന്നത്. കടൽ കാഴ്ചകൾ കടലിനുള്ളിലൂടെ നടന്നാസ്വദിക്കുന്ന രീതിയിലാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ശനി മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കും. വെള്ളിയാഴ്ച: വൈകിട്ട് നാല് മുതൽ രാത്രി എട്ട് വരെയാണ് പ്രവൃത്തിസമയം. ഞായറാഴ്ച്ചകളിലും പ്രവർത്തിക്കും. മുതിർന്നവർക്ക് 35 ദിർഹവും 2 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 25 ദിർഹവുമാണ് പ്രവേശന ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.