കലയും സംസ്കാരവും സമ്മേളിക്കുന്ന ഷാർജ ആർട്ട് മ്യൂസിയം

യു.എ.ഇയുടെ കലയും സംസ്കാരവും പൈതൃകങ്ങളുമൊക്കെ ഉയർത്തിപ്പിടിച്ച് അന്തസ്സോടെ നിൽക്കുന്നൊരു മ്യൂസിയമുണ്ട് ഷാർജയിൽ. പേർഷ്യൻ ഗൾഫ് മേഖലയിലെ പ്രമുഖ കലാസ്ഥാപനങ്ങളിലൊന്നായ ഷാർജ ആർട്ട് മ്യൂസിയം ഷാർജ നഗരത്തിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. യു.എ.ഇയുടെ ചരിത്രവും കലകളുമൊക്കെ പ്രത്യേകമായി തന്നെ മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. വിൻഡ് ടവർ വാസ്തുവിധ്യയിലുള്ള കെട്ടിടമാണ് മ്യൂസിയത്തിന്‍റെ മനോഹാര്യത വർദ്ധിപ്പിക്കുന്നത്.

കൾച്ചർ ആൻഡ് ഇൻഫർമേഷൻ വകുപ്പിന്‍റെ ആർട്ട് ഡയറക്ടറേറ്റിന് കീഴിൽ 1995ൽ സ്ഥാപിതമായ ഷാർജ ആർട്ട് മ്യൂസിയം ഷാർജ അൽ ഷുവൈഹിൻ പ്രദേശത്തെ ബെയ്ത് അൽ സെർക്കലിലാണ് സ്ഥാപിച്ചിരുന്നത്. പിന്നീട് ആധുനിക സജ്ജീകരണങ്ങളോടെ 1997 ഏപ്രിൽ ഏഴിന് ഷാർജ ഭരണാധികാരി ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ ആർട്ട് മ്യൂസിയത്തിന് പുതിയ കെട്ടിടം സമ്മാനിച്ചു. മ്യൂസിയത്തിന്‍റെ പുതിയ കെട്ടിടം വിൻഡ് ടവർ വാസ്തുവിദ്യയുള്ളതാണ്.

111,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മ്യൂസിയത്തിന്‍റെ കെട്ടിടത്തിന് രണ്ട് നിലകളിലായി ഗാലറികളും അതിനു താഴെ ഭൂഗർഭ കാർ പാർക്കും ഉണ്ട്. യു.എ.ഇ.യിൽ കലയെ പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകത വളർത്തുന്നതിനുമായി പൊതുജനങ്ങൾക്കായി തുറന്ന മ്യൂസിയം കഴിഞ്ഞ ഏപ്രിലിൽ 25 വർഷം പൂർത്തിയാക്കി. ഷാർജ ആർട്ട് മ്യൂസിയം സ്ഥാപിതമായതു മുതൽ വർഷങ്ങളായി നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ആംസ്റ്റർഡാമിലെ കോബ്ര മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ലണ്ടനിലെ ടേറ്റ് ബ്രിട്ടൻ, യു.എ.ഇയിലെ ബാർജീൽ ആർട്ട് ഫൗണ്ടേഷൻ, ലെബനനിലെ ജിബ്രാൻ മ്യൂസിയം എന്നിവയുമായി സഹകരിച്ചും നിരവധി പ്രദർശനങ്ങൾക്ക് മ്യൂസിയം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

കെട്ടിടത്തിൽ രണ്ട് ചിറകുകളുണ്ട്. സ്ട്രീറ്റിന് മുകളിലൂടെ രണ്ട് ഇടനാഴി വഴികളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഈ ചിറകുകളാണ് മ്യൂസിയത്തിന്‍റെ കെട്ടിടത്തിന്‍റെ പ്രധാന ആകർഷണം. വിവിധ വലുപ്പത്തിലുള്ള 68 ഹാളുകളുണ്ട് ഈ ആർട്ട് മ്യൂസിയത്തിന്. ഷാർജ ആർട്ട് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഷാർജ ദ്വൈവാർഷികത്തിന്‍റെ പ്രദർശന വേദികളിലൊന്നായി പതിവായി ഉപയോഗിക്കാറുള്ള മ്യൂസിയം, 2023 വരെ ബർജീൽ ആർട്ട് ഫൗണ്ടേഷൻ ശേഖരത്തിൽ നിന്നുള്ള പ്രധാന ആധുനിക പെയിന്‍റിങ്ങുകൾ, ശിൽപങ്ങൾ, മിക്സഡ് മീഡിയ കലാസൃഷ്ടികൾ എന്നിവയുടെ പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Sharjah Art Museum where art and culture come together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.