ജീവിച്ചുതീർത്ത കാലത്തെ, ജീവസ്സുറ്റ വാക്കുകളാൽ കോറിയിടുന്ന പതിവ് പ്രതീക്ഷിച്ചാണ് എല്ലാവരും ആത്മകഥകളുടെ താളുകൾ തുറക്കുന്നത്. കാരണം ആത്മകഥകൾ എപ്പോഴും ജീവിതത്തെ, അല്ലെങ്കിൽ തന്നെത്തന്നെ വരച്ചിടുന്ന വാക്കുകളുടെയും സംഭവങ്ങളുടെയും സമാഹാരമായിരിക്കും.എന്നാൽ, സ്വന്തം ജീവിതത്തിനു പകരം ജീവിച്ച കാലത്തെയും, കാലത്തിന് ജീവൻ നൽകിയ മഹാന്മാരെയും നേതാക്കളെയും ഓർത്തും അവരിലേക്ക് മടങ്ങിയും ആത്മകഥ കുറിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ നവാസ് പൂനൂർ.
'എെൻറ ജീവിതയാത്ര' എന്ന ആത്മകഥയിലൂടെ ഓർമകളിലേക്ക് മാത്രമല്ല, ഓർക്കാപ്പുറത്ത് ഒരു കാലഘട്ടത്തിലേക്ക് കൈപിടിച്ചുനടത്തുകയാണ് ആത്മകഥാകാരൻ. ചവിട്ടിനിന്ന മണ്ണിെൻറ മണവും മായാത്ത ഓർമകളും കോറിയിടുന്നതിനപ്പുറം അവയെ അനുഭവിപ്പിക്കാനുമുള്ള മാന്ത്രികശക്തിയും ഒളിപ്പിച്ചുവെച്ചിട്ടുണ്ട് ആ അക്ഷരങ്ങളിൽ.
നവകേരളത്തിന് ശിലയൊരുക്കിയ മഹാനായ സി.എച്ചുമായുള്ള ഓർമകളുടെ വലിയൊരു വേലിയേറ്റംതന്നെയുണ്ട് പുസ്തകത്താളുകളിലുടനീളം. സ്നേഹബന്ധം ഊട്ടിയുറപ്പിച്ച പ്രമുഖർ എമ്പാടുമുണ്ട് ഈ ജീവിതയാത്രയിൽ. പാണക്കാട് കുടുംബംതന്നെ ഇതിൽ പ്രധാനം. ന്യായാധിപനായിരുന്ന പിതാവ് ടി. അബ്ദുൽ മജീദിലൂടെ പൂക്കോയ തങ്ങളിൽ തുടങ്ങുന്ന ബന്ധം മുഹമ്മദലി ശിഹാബ് തങ്ങളിലൂടെ മുനവ്വറലി ശിഹാബ് തങ്ങളിലെത്തി നിൽക്കുന്നു. ഉമറലി തങ്ങൾ, ഹൈദരലി തങ്ങൾ, സാദിഖലി തങ്ങൾ, അബ്ബാസലി തങ്ങൾ, ഹമീദലി തങ്ങൾ, ബഷീറലി തങ്ങൾ, റഷീദലി തങ്ങൾ, മുഈനലി തങ്ങൾ ഇങ്ങനെ കുടുംബാംഗങ്ങളെല്ലാം ഉറ്റബന്ധം പുലർത്തി.
മലയാളത്തിെൻറ നിത്യഹരിത നായകൻ പ്രേം നസീറുമായുണ്ടായ ആത്മബന്ധം, മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള നാലുപതിറ്റാണ്ട് പിന്നിട്ട സൗഹൃദം എല്ലാം ഹൃദ്യമധുരമായി അവതരിപ്പിക്കുന്നുണ്ട്. സി.എച്ച്. കഴിഞ്ഞാൽ മുഖ്യമന്ത്രിമാരിൽ ഏറെ പ്രിയം സി. അച്യുതമേനോനോടായിരുന്നു. അദ്ദേഹത്തിെൻറ വീട്ടിൽ പോകാനും ധാരാളം എഴുത്തുകുത്തുകൾ നടത്താനും കഴിഞ്ഞു. എ.കെ. ആൻറണി, ഇ.കെ. നായനാർ, ഉമ്മൻ ചാണ്ടി, പിണറായി വിജയൻ എന്നിവരുമായും ബന്ധം നിലനിർത്താനായ സംതൃപ്തി നവാസ് പൂനൂർ പ്രകടിപ്പിക്കുന്നു. നാലര പതിറ്റാണ്ടോളമായ മാധ്യമപ്രവർത്തനത്തിെൻറ രസകരമായ അനുഭവങ്ങൾ പുസ്തകത്താളുകളെ സമ്പന്നമാക്കുന്നു. നൂറുകണക്കിന് ഏക്കർ ഭൂമിയുണ്ടായിരുന്ന, പത്തുപതിനാറ് ആനകളുണ്ടായിരുന്ന പ്രമുഖ തറവാട്ടിെൻറ, നാട്യങ്ങളറിയാത്ത പൂനൂർ എന്ന നാട്ടിൻപുറത്തിെൻറ കൂടി കഥയാണിത്.
അവതാരികയിൽ സി.എച്ചിെൻറ മകൻ കൂടിയായ എഴുത്തുകാരൻ ഡോ. എം.കെ. മുനീറിെൻറ കുറിപ്പ് പുസ്തകത്തിെൻറ ആഴത്തെ അളന്നെടുക്കാൻ കെൽപുള്ളതുതന്നെയാണ്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ആറാം നമ്പർ ഹാളിൽ നവംബർ ആറിന് വൈകീട്ട് ഏഴിന് യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് ഡോ. പുത്തൂർ റഹ്മാൻ പുസ്തകം പ്രകാശനം ചെയ്യും. യഹ്യ തളങ്കര ആദ്യപ്രതി സ്വീകരിക്കും. കോഴിക്കോട് ലിപി പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.