ഷാർജ പുസ്​തകോത്സവ നഗരിയിൽ തയാറാക്കിയ അലങ്കാരങ്ങൾ

ഇന്ന് കൊടിയേറും, അക്ഷരങ്ങളുടെ ആഘോഷപ്പെരുന്നാൾ

ദുബൈ: ലോകത്തിന് വായിക്കാനും അക്ഷരങ്ങളിലൂടെ വിസ്മയയാത്ര നടത്താനും വലിയൊരു പുസ്തകം തുറന്നുവെക്കുകയാണ് സാംസ്കാരിക തലസ്ഥാനമായ ഷാർജ. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായിത്തീർന്ന ഷാർജ അന്താരാഷ്​ട്ര പുസ്തകമേളയുടെ 39ാം പതിപ്പിലൂടെ വായനയുടെ വാതായനങ്ങൾ ഇന്ന് തുറക്കും. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ കാല, ദേശ, ഭാഷ ഭേദമന്യേ വായനയുടെ വസന്തം വാനോളമുയർത്തി അക്ഷരപ്രേമികൾക്ക് ആഘോഷപ്പെരുന്നാളൊരുക്കുന്ന ഷാർജ അന്താരാഷ്​ട്ര പുസ്തകമേള ഷാർജ എക്സ്പോ സെൻററിൽ ബുധൻ രാവിലെ 10ന്​ ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. അക്ഷരമേള ഇൗമാസം 14 വരെ തുടരും.

73 രാജ്യങ്ങളിൽനിന്നായി 1024 പ്രസാധകരാണ് ഇക്കുറി മേളക്കെത്തുന്നത്. 30ൽപരം ഭാഷകളിലായി 80,000ത്തോളം പുതിയ തലക്കെട്ടുകളിൽ അണിയിച്ചൊരുക്കിയ പുസ്തകങ്ങളാണ് അക്ഷരപ്രേമികളെ ഷാർജ നഗരിയിൽ കാത്തിരിക്കുന്നത്. അറബ് മേഖലയിലും അന്താരാഷ്​ട്ര രംഗത്തുമുള്ള 60ൽപരം എഴുത്തുകാരും സാംസ്കാരിക വ്യക്തിത്വങ്ങളും 64ൽപരം വൈവിധ്യങ്ങളായ വൈജ്ഞാനിക വിഷയങ്ങളിൽ ഷാർജയോട് സംവദിക്കാനെത്തും.

കഥപറഞ്ഞ് സമ്മാനങ്ങൾ വാരിക്കോരി നൽകുന്ന മുത്തശ്ശിക്കഥ പോലെ, ആനന്ദഭരിതവും അതിലുപരി അത്ഭുതവും പകരുന്നതാണ് വായനപ്രേമികൾക്ക് ഷാർജ അന്താരാഷ്​ട്ര പുസ്തകോത്സവം. പുസ്തകങ്ങളുടെ നറുമണം നിശ്വസിക്കുന്ന, അക്ഷരങ്ങൾ തീർക്കുന്ന അതിശയങ്ങളാൽ വിസ്മയപ്പെടുന്ന ലോകത്തെങ്ങുമുള്ള അക്ഷരസ്നേഹികൾക്ക് ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ വർഷാവർഷം നൽകുന്ന വിലപ്പെട്ട സമ്മാനമാണ് ഷാർജ വേദിയാവുന്ന അക്ഷരോത്സവം. പല ഭാഷകളിൽ, വ്യത്യസ്ത സംസ്കാരങ്ങളിൽ, വേറിട്ട ചരിത്രങ്ങളിൽ, വിഭിന്നമായ ഭാവനകളിൽ വായനയുടെ നറുവസന്തം തീർക്കുന്ന 11 ദിവസങ്ങൾ -കടൽ കടന്നും കാതങ്ങൾ താണ്ടിയും വിരുന്നെത്തുന്ന ചരിത്രം, ലോകത്തി​െൻറ സാംസ്കാരിക തലസ്ഥാനമായ ഷാർജക്ക് മാത്രം സ്വന്തം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.