ഷാർജ: അക്ഷരങ്ങൾ അത്മാവിൽ അലിഞ്ഞവരാണ് ഈ പ്രപഞ്ചത്തി​െൻറ കാവൽക്കാർ. രാവും പകലും അക്ഷരമൂർച്ചയാൽ അവർ കാവൽ നിൽക്കുന്നത് കൊണ്ടാണ് കലാപങ്ങളുടെ വജ്രമൂർച്ചകൾ തലപൊക്കിയ ഇടത്തുതന്നെ ശിരസ്സുകുനിക്കുന്നത്. നവംബർ നാലുമുതൽ 14 വരെ ഷാർജ അൽ താവുനിലെ എക്സ്പോ സെൻററിൽ നടക്കുന്ന 39ാമത് അന്താരാഷ​്ട്ര പുസ്തകമേള സന്ദർശനത്തിന് കാത്തിരിക്കുന്നവർക്ക് സന്തോഷവുമായി രജിസ്ട്രേഷൻ ആരംഭിച്ചു. registration.sibf.com എന്ന വെബ്സൈറ്റിൽ രജിസ്​റ്റർ ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കൂവെന്ന് സംഘാടകരായ ഷാർജ ബുക്ക്​ അതോറിറ്റി (എസ്.ബി.എ) അറിയിച്ചു. ഇന്ത്യയുൾപ്പെടെ 19 രാജ്യങ്ങളിൽനിന്ന് 1024 പ്രസാധകർ പങ്കെടുക്കും. മലയാളത്തിൽനിന്ന് പ്രസാധകരുടെ എണ്ണത്തിൽ കുറവുണ്ടാകും. ഡി.സി ബുക്സ്, ലിപി, ചിന്ത, ഒലിവ്, ഇസഡ് ഫോർ തുടങ്ങിയവരെത്തും.

നാലു ഘട്ടങ്ങളിലായാണ് അക്ഷരനഗരിയിലേക്ക് പ്രവേശനം അനുവദിക്കുക. 5000 പേർക്ക് വീതം ഓരോ ഘട്ടത്തിലും പ്രവേശനം അനുവദിക്കും. ഒരു തവണ രജിസ്​റ്റർ ചെയ്തവർക്ക് അടുത്ത ഘട്ടങ്ങളിൽ പ്രവേശനം അനുവദിക്കില്ല. ഒരു പ്രാവശ്യം രജിസ്​റ്റർ ചെയ്താൽ മൂന്നു മണിക്കൂറിലേക്കാണ് പ്രവേശനം അനുവദിക്കുക. രജിസ്​റ്റർ ചെയ്തവർക്ക് അവർ തിരഞ്ഞെടുത്ത സമത്തിനനുസരിച്ച് വിവിധ നിറങ്ങളിലുള്ള ബാൻഡുകൾ കൈയിൽ ധരിക്കാൻ നൽകും.

• മലയാള കളരി ഇത്തവണയില്ല

അക്ഷര പൂരത്തിൽ മലയാളം കരകവിഞ്ഞൊഴുകിയിരുന്ന ഏഴാം നമ്പർ ഹാൾ ഇത്തവണ ഓർമയാകും. ആധുനിക രീതിയിൽ താൽക്കാലികമായി തീർക്കുന്ന ഈ ഹാളിലാണ് 150ലധികം പുസ്തകങ്ങൾ പ്രകാശനം ചെയ്ത് മലയാളം കഴിഞ്ഞകുറി ലോകത്തെ ഞെട്ടിച്ചുകളഞ്ഞത്. കണ്ണാടിച്ചുവരുകളുള്ള ഈ ഹാളിൽ നിന്നാൽ മംസാർ തടാകം കാഴ്ചയിലേക്ക് ഒഴുകിയെത്തും.

സ്കൂൾ വിദ്യാർഥികൾക്ക് ഇക്കുറി പ്രവേശനമില്ല. രണ്ടു പ്രവേശന കവാടത്തിലും തെർമൽ സ്കാനർ സ്ഥാപിച്ച് സന്ദർശകര്‍ക്ക് പരിശോധന നടത്തിയശേഷം സാനിറ്റൈസിങ് കവാടങ്ങളിലൂടെയാണ് പ്രവേശിപ്പിക്കുക. അക്ഷര നഗരി ദിവസവും അഞ്ചു മണിക്കൂർ അണുനശീകരണം നടത്തും. സന്ദർശകർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. സന്ദർശകരെയും പ്രസാധകരെയും നിരീക്ഷിക്കുന്നതിനായി പ്രത്യേക സുരക്ഷ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സന്ദർശകര്‍ വരുന്നതും പോകുന്നതും നിരീക്ഷിക്കുന്നതിനായി വർണ ബ്രേസ് ലെറ്റുകൾ ഘടിപ്പിക്കും. കോവിഡ് മരവിപ്പിനെ അക്ഷരങ്ങൾകൊണ്ട് ചലനാത്മകമാക്കാൻ 80,000 പുതിയ തലക്കെട്ടുകളാണ് പ്രദർശിപ്പിക്കുക. അറബ് പ്രസാധകരാണ് ഏറ്റവും കൂടുതൽ.

• പ്രമുഖർ എത്തും, ഓൺലൈനിലൂടെ

സാംസ്കാരിക മേഖലയിൽനിന്ന് ശശി തരൂർ ഉൾപ്പെടെ 60 വ്യക്തിത്വങ്ങൾ ഒാൺലൈനിലൂടെ സഹൃദയരോട് സംവദിക്കും. മാൻ ബുക്കർ ജേതാവും ലൈഫ് ഒാപ് പൈ എന്ന വിഖ്യാത നോവലി​െൻറ രചയിതാവും കനേഡിയൻ എഴുത്തുകാരനുമായ യാൻ മാർടൽ, എഴുത്തുകാരിയും സോഷ്യൽ മീഡിയ സെൻസേഷനുമായ ലാൻഗ് ലീവ്, ഇംഗ്ലീഷ് നോവലിസ്​റ്റും തിരക്കഥാകൃത്തുമായ ഇയാൻ മാക് ഇവൻ, അമേരിക്കൻ ബിസിനസുകാരനും എഴുത്തുകാരനുമായ റോബർട് കിയോസകി, ലബനീസ് എഴുത്തുകാരി നജ്​വ സാബിയൻ, അൽജീരിയൻ എഴുത്തുകാരൻ വാസിനി അൽ ആറാജ്, ഇൗജിപ്ഷ്യൻ എഴുത്തുകാരനും തിരക്കഥാകൃത്തുമായ അഹമ്മദ് മുറാദ്, കുവൈത്തി എഴുത്തുകാരൻ മിഷേൽ ഹമദ്, ഇറാഖി എഴുത്തുകാരൻ മുഹ്സിൻ അൽ റംലി, ലബനീസ് നാടകപ്രവർത്തക ലിന ഖൂറി, നീൽ പസ്റിഷ, എലിസബത്ത്​ ദാമി, റിച്ചാർഡ് ഒവെൻഡൻ എന്നിവർ ഓൺലൈനിലൂടെ പങ്കെടുക്കും.

പൂരത്തിന് വിളംബരമായി നവംബർ ഒന്നു മുതൽ മൂന്നു വരെ പത്താമത് പ്രസാധക സമ്മേളനം നടക്കും. ഏഴാമത് ഷാർജ രാജ്യാന്തര ലൈബ്രറി സമ്മേളനം നവംബർ 10 മുതൽ 12 വരെ നടക്കും. 300 ലൈബ്രേറിയന്മാരും ലൈബ്രറി പ്രഫഷനുകളും 12 പ്രഭാഷകരും പങ്കെടുക്കും.

പ്രവേശനം സൗജന്യം. രാവിലെ ഒമ്പതു മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ചകളിൽ വൈകീട്ട് നാലു മുതൽ രാത്രി 11 വരെയുമാണ് ബുക്ക്​ ഫെസ്​റ്റ്​. വ്യാപാര സംബന്ധമായി സന്ദർശിക്കുന്നവർ, പ്രസാധകർ, ഗവേഷകർ, സ്ഥാപനങ്ങൾ, ലൈബ്രറികൾ തുടങ്ങിയവയുടെ പ്രതിനിധികൾക്ക് രാവിലെ ഒമ്പത്​ മുതൽ രാത്രി 10 വരെ സുരക്ഷ ക്രമീകരണങ്ങൾ പാലിച്ച് പ്രവേശനം അനുവദിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.