ഷാർജ: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവത്തിൽ പിറക്കാനിരിക്കുന്ന പുസ്തകങ്ങളുടെ എണ്ണം കണക്കിലെടുത്ത് റൈറ്റേഴ്സ് ഫോറം എന്ന പുതിയൊരു വേദി കൂടി ഇക്കുറി അക്ഷരങ്ങളുടെ കഥ പറയുവാനുണ്ടാകുമെന്ന് ഷാർജ ബുക് അതോറിറ്റി വ്യക്തമാക്കി. പ്രധാന വരാന്തയിൽ ബുക്ക് ഫോറം, ലിറ്ററേച്ചർ ഫോറം എന്നിവക്ക് സമീപത്തായിരിക്കും പുതിയ വേദി. മലയാളത്തിന് പുറമെ, ശക്തമായ സാന്നിധ്യം അറിയിക്കാൻ തമിഴും കൂടി ഇത്തവണ എത്തുന്നുണ്ട്. നിരവധി തമിഴ് സാഹിത്യകാരൻമാർ പ്രവാസ ഭൂമിയിലുണ്ടെങ്കിലും സാഹചര്യങ്ങൾ കുറവായതിനാൽ അവരുടെ സൃഷ്ടികൾ കൂടുതലായും പുറത്ത് വരാറില്ല.
എന്നാൽ പുസ്തകോത്സവത്തിൽ തമിഴ് രംഗപ്രവേശനം ചെയ്യുന്നതോടെ ഇതിന് മാറ്റം വരും. പ്രവാസികളായ തമിഴ് എഴുത്തുകാർക്ക് അവരുടെ പുസ്തകങ്ങൾ പുറത്തിറക്കുവാനുള്ള അവസരങ്ങൾ വർധിക്കും.
രാജ്യസഭാ അംഗവും കവയത്രിയുമായ കനിമൊഴി, വാക്കുകൾ കൊണ്ട് വർഗീയതയുടെ ചെവികല്ലുടച്ച പെരുമാൾ മുരുകൻ തുടങ്ങിയവർ ഇത്തവണ തമിഴിൽ നിന്ന് എത്തുന്നുണ്ട്. പ്രവാസികളായ തമിഴ് സാഹിത്യകാരൻമാർക്ക് വലിയ പ്രചോദനവും േപ്രാത്സാഹനവും ഇത് നൽകും.
അടുത്ത തവണ പുസ്തകോത്സവത്തിൽ പ്രവാസ ഭൂമിയിൽ നിന്നുള്ള തമിഴ് പുസ്തകങ്ങൾ പ്രതീക്ഷിക്കാം. 12 പ്രസാധകരാണ് ഇക്കുറി പുസ്തകങ്ങളുമായി തമിഴിൽ നിന്നെത്തുന്നത്. മലയാളികളായ എഴുത്തുകാർക്ക് അവസരങ്ങൾ കൂടിയതിന് പ്രധാന കാരണം പ്രസാധകർ കൂടിയതാണ്. അത് പോലെ തന്നെയുള്ള അവസരമാണ് തമിഴ് എഴുത്തുകാർക്കും കിട്ടാൻ പോകുന്നത്.
കണ്ണാടി ചുവരിലേക്ക് മംസാർ ബീച്ചിലെ തിരമാലകൾ ഓടിവരുന്ന ഏഴാം നമ്പർ ഹാളിലായിരിക്കും ഇത്തവണയും ഇന്ത്യൻ പവലിയൻ. മംസാർ ഗേറ്റിലൂടെ വന്ന് ഇടത്തോട്ട് തിരിഞ്ഞാൽ പവലിയനിലെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.