ഷാർജ: കിഴക്കിനും പടിഞ്ഞാറിനുമിടയിൽ അക്ഷര ലോകത്തെ കണ്ണിചേർക്കുന്ന അന്താരാഷ്ട്ര പുസ്തകോൽസവത്തിന് ഷാർജ എക്സ്പോ സെന്‍ററിൽ സമാരംഭം. സാഹിത്യത്തെയും വായനയെയും സ്നേഹിക്കുന്നവർ ലോകത്തിന്‍റെ നാലുദിക്കിൽ നിന്നും ഒഴുകിയെത്തിയ മേളയുടെ 41ാം എഡിഷൻ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു. 'വാക്ക് പ്രചരിക്കട്ടെ' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെട്ട പുസ്തകോൽസവത്തിലേക്ക് 95 രാജ്യങ്ങളിൽ നിന്ന് 2,213 പ്രസാധകരാണ് എത്തിച്ചേർന്നിട്ടുള്ളത്. മലയാളമടക്കം 15ലക്ഷത്തിലേറെ പുസ്തകങ്ങളുടെ സാന്നിധ്യമുള്ള ഇത്തവണത്തെ മേള ചരിത്രത്തിലെ ഏറ്റവും വലുതാണെന്ന സവിശേഷതയുണ്ട്.
വൈവിധ്യമാർന്ന പുസ്തകങ്ങൾ വഴി കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വിജ്ഞാനത്തെയും സാഹിത്യത്തെതയും അടുത്തറിയാനുള്ള സാഹചര്യമാണ് പുസ്തകോൽസവം ഒരുക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ ശൈഖ് സുൽത്താൻ അൽഖാസിമി പറഞ്ഞു.
സുഡനീസ് ചരിത്രകാരൻ യൂസുഫ് ഫദ്ൽ ഹസന് 'കൾചറൽ പേഴ്സണാലിറ്റി ഓഫ് ദ ഇയർ' പുരസ്കാരം നൽകി ആദരിച്ചു. ഷാർജ ഉപ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമി, ഇന്‍റർനാഷണൽ പബ്ലിഷേർസ് അസോസിയേഷൻ പ്രസിഡന്‍റ് ബുദൂർ അൽ ഖാസിമി, ഷാർജ ബുക് അതോറിറ്റി ചെയർമാൻ അഹ്മദ് ബിൻ റക്കാദ് അൽ അമീരി, യു.എ.ഇയിലെ ഇറ്റലി അംബാസഡർ ലോറൻസോ ഫനാറ തുടങ്ങിയവരും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില നിന്നെത്തിയ സാഹിത്യകാരൻമാരും ഗവേഷകരും പ്രസാധകരും ചടങ്ങിൽ സംബന്ധിച്ചു.
12ദിവസം നീളുന്ന മേളയിൽ 57 രാജ്യങ്ങളിലെ 129 അതിഥികൾ പങ്കെടുക്കുന്ന 1047 പരിപാടികൾക്ക് നടക്കുന്നുണ്ട്. 1298 അറബ് പ്രസാധകരും 915 മറ്റു അന്താരാഷ്ട്ര പ്രസാധകരുമാണ് വൻ പുസ്തക ശേഖരവുമായി പങ്കെടുക്കുന്നത്. അറബ് ലോകത്തിന്‍റെ പുറത്ത് നിന്ന് ഏറ്റവും കൂടുതൽ പ്രസാധകർ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്, 112പേർ. യു.കെയിൽ നിന്ന് 61 പ്രസാധകരും എത്തിയിട്ടുണ്ട്. പ്രമുഖ അറബ് എഴുത്തുകാർക്ക്പുറമെ, 2022ലെ ബുക്കർ പ്രൈസ് ജേതാവും ഇന്ത്യൻ എഴുത്തുകാരിയുമായ ഗീതാഞ്ജലി ശ്രീ(ഗീതാഞ്ജലി പാണ്ഡേ), എഴുത്തുകാരായ ദീപക് ചോപ്ര, ലിങ്കൺ പിയേഴ്സ്, രൂപി കൗർ, പികോ അയ്യർ, മേഘൻ ഹെസ് തുടങ്ങിയവരും പ്രധാന അതിഥികളായെത്തുന്നുണ്ട്.
ആറ് പുതിയ കാഴ്ചകളുമായാണ് ഇത്തവണത്തെ പുസ്തകോത്സവം. നവംബർ എട്ട് മുതൽ പത്ത് വരെ നടക്കുന്ന ത്രില്ലർ ഫെസ്റ്റിവലാണ് ഇതിൽ പ്രധാനം. സസ്പെൻസ് ത്രില്ലറുകളും ക്രൈം നോവലുകളുമെല്ലാം അവതരിപ്പിക്കുന്ന വേദിയായിരിക്കും ഇത്. ഇതോടനുബന്ധിച്ച് ശിൽപശാലകൾ, സംവാദം, ബുക്ക് സൈനിങ് എന്നിവയും നടക്കും. ന്യൂയോർക്കിലെ ത്രില്ലർ ഫെസ്റ്റുമായി ചേർന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
യുവ ഇമാറാത്തി എഴുത്തുകാർക്കായുള്ള പ്രത്യേക പരിപാടി, ഫോട്ടോഗ്രഫി, ക്രാഫ്റ്റ്സ്, ക്രിയാത്മക എഴുത്തുകൾ, തീയറ്റർ എന്നിവയെ കുറിച്ച് മുതിർന്നവർക്കായി നടത്തുന്ന ശിൽപശാല, ഫിലിപ്പൈൻസിനായി പ്രത്യേക ദിനാചരണം, 6, 7 തിയ്യതികളിൽ നാഷനൽ ലൈബ്രറി ഉച്ചകോടി, എട്ട് മുതൽ 10 വരെ ഇന്‍റർനാഷനൽ ലൈബ്രറി കോൺഫറൻസ് എന്നിവയും കുട്ടികൾക്കായി 623 പരിപാടികളും അടുത്ത ദിവസങ്ങളിൽ അരങ്ങേറും. സോഷ്യൽ മീഡിയ സ്റ്റേഷനിലെ 30 ശിൽപശാലകൾക്കും ചൊവ്വാഴ്ച തുടക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.