ഷാര്‍ജ: വായനയുടെ പുതുലോകം തുറക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 43ാമത് എഡിഷനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്.ബി.എ) അറിയിച്ചു. ‘ഇറ്റ് സ്റ്റാര്‍ട്ട്സ് വിത്ത് എ ബുക്ക്’ എന്ന പ്രമേയത്തില്‍ നവംബർ ആറു മുതല്‍ 17 വരെ ഷാർജ എക്സ്പോ സെന്ററിലാണ് പുസ്തകോത്സവം.
പ്രാദേശിക, അറബ്, അന്താരാഷ്ട്ര പ്രസാധകര്‍ക്കൊപ്പം എഴുത്തുകാര്‍, ബുദ്ധിജീവികള്‍ എന്നിവരടങ്ങുന്ന വലിയ നിര തന്നെയുണ്ടാകും. മൊറോക്കോ ആണ് ഇത്തവണത്തെ അതിഥിരാജ്യം. മൊറോക്കന്‍ സാഹിത്യവും സർഗാത്മകതയും സമന്വയിപ്പിക്കുന്ന ശില്പശാലകള്, പുസ്തകങ്ങള്‍ എന്നിവയെല്ലാം മേളയിലുണ്ടായിരിക്കും.
ഇന്ത്യയിൽ നിന്നുള്ള പ്രമുഖരായ പ്രസാധകരും പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.
കൂടുതൽ പരസ്പരബന്ധിതമായ ഒരു ലോകത്ത് സംസ്കാരങ്ങളെ ബന്ധിപ്പിക്കുന്നതിലും ധാരണ വളർത്തുന്നതിലും പുസ്തകങ്ങളുടെ പങ്ക് എന്നത്തേക്കാളും ഇന്ന് പ്രധാനമാണെന്ന് എസ്.ബി.എ ചെയർപേഴ്സൻ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.
പുസ്തകോത്സവത്തിന്റെ ഭാഗമായി ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുമുള്ള സാഹിത്യകാരന്മാർ, സൈദ്ധാന്തികർ, കലാകാരന്മാർ ഷാർജയിൽ ഒത്തുചേരുകയും വിവിധ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യും. മലയാളികൾ ഉൾപ്പെടെയുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ വേദിയിൽ പ്രകാശനം ചെയ്യപ്പെടും.
ഹോളിവുഡിലേയും ബോളിവുഡിലേയും പ്രമുഖ നടന്മാർക്കൊപ്പം ലോകത്തെ പ്രമുഖ പ്രഭാഷകരുമായും സംവദിക്കാനുള്ള മികച്ച വേദി കൂടിയാണ് ഷാർജ പുസ്തകോത്സവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.