ഷാർജ: കോവിഡ് നിയന്ത്രണങ്ങളോടെ സുരക്ഷിതമായ അവധി ആഘോഷം വാഗ്ദാനം ചെയ്യുകയാണ് ഷാർജ. പെരുന്നാൾ ആഘോഷത്തിന് നിറംപകരാൻ വിവിധ പരിപാടികൾക്ക് പുറമെ പ്രത്യേക കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട് ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. കുട്ടികൾക്ക് അറിവും ആനന്ദവും പകരുന്ന പരിശീലനക്കളരികളും സൗജന്യ പ്രദർശനങ്ങളും തൊട്ട് കുടുംബസമേതം പ്രകൃതികാഴ്ചകൾ ആസ്വദിച്ച് ആഡംബര ഹോട്ടലുകളിലെ താമസംവരെ നീളുന്ന ഈദ് വിരുന്നുകൾ ഷാർജ നിക്ഷേപ വികസന വകുപ്പിന് (ഷുറൂഖ്) കീഴിലുള്ള വിവിധ വിനോദ കേന്ദ്രങ്ങളിലുണ്ട്.
അൽ മജാസിൽ പെരുന്നാൾ അവധി ദിവസങ്ങളിൽ പ്രത്യേക കലാപ്രദർശനങ്ങളുണ്ടാവും. ഇരുട്ടിൽ മിന്നിത്തിളങ്ങുന്ന നിയോൺ അനിമേഷൻ ഷോ (മേയ് 13), ഡ്രംസ് ഷോ (മേയ് 14),മെയ്വഴക്കത്തിെൻറ അഭ്യാസപ്രകടനം അരങ്ങേറുന്ന വീൽ അക്രോബാറ്റ് ഷോ (മേയ് 15) എന്നിങ്ങനെയാണ് പ്രദർശനങ്ങൾ. ഇതിന് പുറമെ മേയ് 13, 14 തീയതികളിൽ പ്രത്യേക പരേഡുകളും അരങ്ങേറും. വൈകീട്ട് അഞ്ച് മുതൽ രാത്രി പത്തുവരെയാണ് പരിപാടി.
ഷാർജ നഗരക്കാഴ്ചകൾ ആസ്വദിച്ച് വിവിധ വിനോദ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തുന്ന ഇരുനില ബസ് യാത്രക്കും ഖാലിദ് തടാകത്തിലെ ബോട്ട് യാത്രക്കുമുള്ള ടിക്കറ്റുകൾക്ക് ഈദ് അവധി ദിനങ്ങളിൽ പ്രത്യേക ഓഫറുകളുണ്ട്. മുതിർന്നവർക്കുള്ള രണ്ട് ടിക്കറ്റെടുത്താൽ രണ്ട് കുട്ടികൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ഷാർജയിൽ നിന്ന് ഖോർഫക്കാൻ വരെ ഇരുനില ബസ് യാത്രക്കുള്ള ടിക്കറ്റിനും കിഴിവുണ്ട്. മുതിർന്നവർക്ക് 120 ദിർഹമും കുട്ടികൾക്ക് 100 ദിർഹമുമാണ് നിരക്ക്.
ചിത്രശലഭക്കാഴ്ചകൾക്കും പ്രകൃതിദൃശ്യങ്ങൾക്കും പ്രശസ്തമായ ഷാർജ അൽ നൂർ ദ്വീപിൽ പെരുന്നാളവധി ദിനങ്ങളിൽ ടിക്കറ്റുകളിൽ 30 ശതമാനം കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ദ്വീപിലേക്കും ശലഭവീട്ടിലേക്കുമുള്ള ടിക്കറ്റിന് മുതിർന്നവർക്ക് 35 ദിർഹമും കുട്ടികൾക്ക് 20 ദിർഹമുമാണ് നിരക്ക്.
13, 14 തീയതികളിൽ വൈകീട്ട് ആറ് മുതൽ രാത്രി 10 വരെ നീളുന്ന നിരവധി കലാകായിക പ്രദർശനങ്ങളാണ് ഖോർഫക്കാൻ ബീച്ചിലെ പെരുന്നാൾ വിശേഷം. പരേഡുകളും ഡ്രം മാർച്ചും കടൽതീരത്തെ ആഘോഷത്തിന് നിറംപകരും. വിനോദ കേന്ദ്രങ്ങൾക്ക് പുറമെ ഷുറൂഖിന് കീഴിലുള്ള അൽ ബെയ്ത് ഹോട്ടലിലും കിങ്ഫിഷർ, അൽ ബദായർ, അൽഫയ റിട്രീറ്റുകളിലും പെരുന്നാളിനോടനുബന്ധിച്ച് പ്രത്യേക നിരക്കുകളും കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദ കേന്ദ്രങ്ങളുടെ പ്രവർത്തനവും കലാപ്രദർശനങ്ങളുമെല്ലാം കോവിഡ് നിയന്ത്രണങ്ങളും പ്രോട്ടോകോളും പൂർണമായും പാലിച്ചാണ് ഒരുക്കിയത്. സാമൂഹിക അകലവും മാസ്ക്കും നിർബന്ധമാണ്. ആളുകൾ കൂട്ടംകൂടുന്നത് നിയന്ത്രിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.