മഹാമാരിക്കാലത്തും മാനസിക ഉല്ലാസം കണ്ടെത്താൻ ശ്രമിക്കുന്നവരാണ് നാം. പ്രത്യേകിച്ച് കുടുംബങ്ങളും കുട്ടികളും. ഓൺലൈൻ ക്ലാസിെൻറ ബോറടിയും പുറം ലോകം കാണാത്തതിെൻറ അസ്വസ്ഥതയും കുഞ്ഞുങ്ങളിൽ പ്രകടമാണ്. ഇത്തരക്കാർക്ക് കറങ്ങാനും ഉല്ലസിക്കാനും നഗരം കാണാനും അവസരമൊരുക്കുകയാണ് ഷാർജ. കുറഞ്ഞ ചെലവിൽ ഷാർജയുടെ പരമ്പരാഗത ബോട്ടിൽ സഞ്ചരിക്കാനുള്ള അവസരമാണ് ഷാർജ നൽകുന്നത്.
ഷാർജയുടെ നാഴികക്കല്ലായ അൽ മജാസ്, അൽ ഖസ്ബ, ഖാലിദ് ലഗൂൺ, ഷാർജ കനാൽ തുടങ്ങിയ സ്ഥലങ്ങളിൽ ചുറ്റിസഞ്ചരിക്കാം. മരംകൊണ്ട് നിർമിച്ച ചെറു ബോട്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. അതിഥികളെ ഇമാറാത്തി പാരമ്പര്യം അടുത്തറിയാൻ സ്വാഗതം ചെയ്യുകയാണ് ഷാർജ. പകലിെൻറയും രാത്രിയുടെയും സൗന്ദര്യം ഒരുപോലെ ആസ്വദിക്കാനും അവസരമൊരുക്കുന്നുണ്ട് ഈ ബോട്ട് യാത്ര. ഷാർജയിൽ ദീർഘകാലമായുള്ള ബോട്ട് ടൂറുകളിൽ ഒന്നാണിത്. മികച്ച രീതിയിൽ തയാറാക്കിയ മരം ബോട്ടുകൾ യാത്രക്കാർക്ക് നഗര സൗന്ദര്യത്തിെൻറ മനോഹര കാഴ്ചകൾ പകർത്താനുള്ള അവസരവും നൽകുന്നു. സ്വകാര്യ പരിപാടികൾ നടത്തുന്നതിനും സ്വകാര്യതയോടെ കുടുംബസമേതം യാത്ര ചെയ്യുന്നതിനും പ്രീമിയം ബോട്ടുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
അൽ ഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട് എന്നിവിടങ്ങളിലെ ഷാർജ ബോട്ട് ടൂർസ് ഓഫിസുകൾ സന്ദർശിച്ചാൽ ടിക്കറ്റ് ബുക്ക് ചെയ്യാം. സ്വകാര്യ സ്ഥാപനങ്ങളുടെയും കൂട്ടായ്മകളുടെയും ഒരുമിച്ചുള്ള ട്രിപ്പുകൾക്ക് 24 മണിക്കൂർ മുൻപ് ബുക്ക് ചെയ്യണം. എല്ലാ പ്രായക്കാർക്കും സഞ്ചരിക്കാം. discovershurooq.ae എന്ന വെബ്സൈറ്റിൽ കയറിയാൽ കൂടുതൽ വിവരങ്ങൾ അറിയാം. ഇംഗ്ലീഷിലും അറബിയിലും വിവരങ്ങൾ ലഭിക്കും. ബുക്കിങ് ലഭ്യത അനുസരിച്ചായിരിക്കും സ്വകാര്യ സ്ഥാപനങ്ങൾക്ക് അവസരം നൽകുക. പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ല.
മുതിർന്നവർക്ക് 20 ദിർഹമും കുട്ടികൾക്ക് (80-120 സെൻറീമീറ്റർ ഉയരം) 15 ദിർഹമുമാണ് നിരക്ക്. 15-20 മിനിറ്റാണ് യാത്ര. സംഘം ചേർന്ന് ബുക്ക് ചെയ്താൽ പത്ത് പേർക്ക് 110 ദിർഹം മാത്രമാണ് നിരക്ക്. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ഇതായിരിക്കും ഉചിതം. കൂടുതൽ തുക നൽകിയാൽ സമയം നീട്ടിയെടുക്കാനുള്ള അവസരവുമുണ്ട്. വൈകുന്നേരം നാല് മുതൽ രാത്രി 12 മണി വരെയാണ് ബോട്ട് യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.