ഷാർജ: ബിസിനസുകളിൽ കൈകോർക്കാൻ ലക്ഷ്യമിട്ട് ഷാർജ ചേംബർ ഓഫ് കോമേഴ്സ് സംഘം മുംബൈയിൽ. ഇമാറാത്തി സ്ഥാപനങ്ങൾക്ക് ഇന്ത്യൻ മാർക്കറ്റിൽ ചുവടുറപ്പിക്കുന്നതിനും കയറ്റുമതി വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ചേംബറിന്റെ നേതൃത്വത്തിൽ സംഘം എത്തിയത്. രണ്ടു ദിവസമായി മുംബൈയിൽ വിവിധ കൂടിക്കാഴ്ചകൾ നടത്തിയ സംഘം വെള്ളിയാഴ്ച മടങ്ങും. ഇതിനിടയിൽ വിവിധ സ്ഥലങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കും.
മുംബൈയിലെ എസ്.എം.ഇ ചേംബറുമായാണ് രണ്ടാംദിനം പ്രധാന ചർച്ച നടത്തിയത്. ഇന്ത്യയിലെയും ഷാർജയിലെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെ പരിപോഷിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച നടന്നു.
ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി രൂപകൽപന ചെയ്ത ‘തിജാര’ പദ്ധതിയെ കുറിച്ച് ചേംബർ പ്രതിനിധി സംഘം വിവരിച്ചു. യുവാക്കളെ പിന്തുണക്കുന്നതിനും ബിസിനസിൽ ഏർപ്പെടാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ആരംഭിച്ച ഈ പദ്ധതി ചേംബറിന്റെ സുപ്രധാന സംരംഭമാണ്. പുതിയ ആശയങ്ങളെ അടിസ്ഥാനമാക്കി സംരംഭങ്ങൾ രൂപപ്പെടുത്തുന്നതിനെ കുറിച്ച് സംഘം ചർച്ച നടത്തി. ഇന്ത്യ-ഷാർജ വ്യാപാരം വർധിപ്പിക്കുന്നതിന് വിവരങ്ങൾ പങ്കിടേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാണിച്ചു.
ബുധനാഴ്ച മുംബൈയിലെത്തുന്ന സംഘം വിവിധ ബിസിനസ് ഫോറങ്ങളുമായി ചർച്ച നടത്തും. ഡൽഹിയിലെ ഇന്ത്യൻ ബിസിനസ് സമൂഹവുമായി കൂടിക്കാഴ്ച നടത്തും. ഷാർജ ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസാണ് സംഘത്തിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.