ഷാർജ: ഷാർജ ചാരിറ്റബിൾ സൊസൈറ്റി വിവിധ സഹായ പദ്ധതികൾക്കായി റമദാനിൽ 12.5 കോടി ദിർഹം സമാഹരിക്കാൻ ‘ജൗദ്’ കാമ്പയിൻ സംഘടിപ്പിക്കും. ഷാർജ ചാരിറ്റി സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാനും റമദാൻ കാമ്പയിൻ ഹൈ കമ്മിറ്റി ചെയർമാനുമായ ശൈഖ് സഖർ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ നടന്ന വാർത്തസമ്മേളനത്തിലാണ് പ്രഖ്യാപനം.
റമദാനിലുടനീളം പദ്ധതികൾ നടപ്പിലാക്കുന്നതിനായി ജൗദ് കാമ്പയിനിൽനിന്ന് തുക വകയിരുത്തിയിട്ടുണ്ടെന്ന് റമദാൻ കാമ്പയിൻ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല സുൽത്താൻ ബിൻ ഖാദം പറഞ്ഞു. രണ്ട് ദശലക്ഷം ദിർഹം ചെലവിൽ 20,000 ഗുണഭോക്താക്കൾക്ക് ഭക്ഷണം വിതരണംചെയ്യും. 1.5 കോടി ദിർഹം ചെലവിൽ രാജ്യത്തിനകത്തും പുറത്തും പത്ത് ലക്ഷം ഇഫ്താർ ഭക്ഷണങ്ങളും വിതരണം ചെയ്യും. സകാത്തിന് അർഹരായ 20,000 ഗുണഭോക്താക്കൾക്ക് ഭക്ഷണം വിതരണംചെയ്യാൻ 60 ലക്ഷം ദിർഹമും അനുവദിച്ചിട്ടുണ്ട്. 13,000 കുടുംബങ്ങൾക്ക് 26 ലക്ഷം ദിർഹം ചെലവിൽ130,000 സകാത്തായും 11 ലക്ഷം ദിർഹം ചെലവിൽ 7,000 ഗുണഭോക്താക്കൾക്ക് ഈദ് വസ്ത്രങ്ങളും വിതരണം ചെയ്യും.
ഹൃദ്രോഗമുള്ളവരുടെ ചികിത്സയ്ക്കായി 24 ലക്ഷം ദിർഹം ചെലവിൽ ‘സ്മാൾ ഹാർട്ട്സ്’ പദ്ധതിയിലൂടെ അഞ്ച് ദുരിതാശ്വാസ കാമ്പയിനുകൾ ആരംഭിക്കും. കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ദരിദ്രർക്കും അനാഥർക്കും 50 വീടുകൾ നിർമിച്ചു നൽകും. 87 ലക്ഷം ദിർഹം ചെലവിൽ ചാരിറ്റബിൾ വില്ലേജുകൾ സ്ഥാപിക്കും. ഒരുകോടി ദിർഹം ചെലവിൽ 3,000 കിണറുകൾ കുഴിക്കും. 2.5 കോടി ദിർഹം ചെലവിൽ 400 പള്ളികളും നിർമിക്കും. കാഴ്ചയില്ലാത്ത 1,000 പേർക്ക് അഞ്ച് ലക്ഷം ദിർഹം ചെലവിൽ ചികിത്സ നൽകും. ഈ പദ്ധതികളില്ലാത്ത പ്രദേശങ്ങളിൽ 35 ലക്ഷം ദിർഹം ചെലവിൽ സ്കൂളുകളും ക്ലാസ് മുറികളും നിർമിക്കും.
ഷാർജ എമിറേറ്റിലെ എല്ലാ നഗരങ്ങളിലും പ്രദേശങ്ങളിലും പ്രത്യേകിച്ച് തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ ഇഫ്താർ ടെന്റുകൾ സ്ഥാപിക്കുമെന്ന് റിസോഴ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സെക്ടർ മേധാവി അലി മുഹമ്മദ് അൽ റഷ്ദി പറഞ്ഞു. പ്രതിമാസ സഹായം, വാടക കുടിശ്ശിക അടയ്ക്കൽ, കുടിശ്ശിക വരുത്തുന്നവരെ സാമ്പത്തികമായി സഹായിക്കൽ, വിദ്യാർഥികളെ സഹായിക്കൽ, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കായി ചികിത്സ സഹായങ്ങൾ നൽകൽ തുടങ്ങിയ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.