ഷാർജ: മഴക്കെടുതിയിൽ വലിയ നാശനഷ്ടങ്ങളുണ്ടായ ഷാർജയിൽ ഭാവിയെ മുന്നിൽകണ്ട് പരിഹാര നിർദേശങ്ങൾ രൂപപ്പെടുത്താൻ അധികൃതർ. ഇതുമായി ബന്ധപ്പെട്ട വിവിധ ദീർഘകാല, ഹ്രസ്വകാല പരിഹാര നിർദേശങ്ങൾ ഷാർജ കൺസൾട്ടേറ്റിവ് കൗൺസിൽ അംഗങ്ങൾ ചർച്ച ചെയ്തു. നിലവിൽ മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തിവരുകയാണ്. ഇതോടൊപ്പം ദുരിതാശ്വാസ നടപടികളും പുരോഗമിക്കുന്നുണ്ട്. പൊതുസുരക്ഷയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും മേഖലയിലാണ് പ്രധാനമായും പരിഹാരനിർദേശങ്ങൾ ചർച്ചയായിരിക്കുന്നത്.
പ്രകൃതി ദുരന്തങ്ങളെ വ്യത്യസ്തമായ രീതിയിൽ നേരിടേണ്ടതുണ്ടെന്നും അതുല്യമായ ആശയങ്ങൾ രൂപപ്പെടുത്താൻ സാധിക്കേണ്ടതുണ്ടെന്നും ഷാർജ കൺസൾട്ടേറ്റിവ് കൗൺസിൽ ചെയർമാനും മുൻ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രിയുമായ അബ്ദുല്ല ബിഹൈഫ് അൽ നുഐമി പറഞ്ഞു.
കൗൺസിൽ അംഗങ്ങളുടെ നിർദേശങ്ങൾ വിലയിരുത്തിയശേഷം തിരഞ്ഞെടുത്തവ മാത്രമാണ് തീരുമാനത്തിനായി സമർപ്പിക്കുക.
കനത്ത നഷ്ടമുണ്ടായ ചെറുകിട സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതടക്കമുള്ള നിർദേശങ്ങൾ ഹ്രസ്വകാല നടപടികളായി സമർപ്പിച്ചിട്ടുണ്ട്. അതോടൊപ്പം, മഴവെള്ളം സംഭരിക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങളും അംഗങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. കെട്ടിടങ്ങളിൽ മഴവെള്ളം ശേഖരിക്കാനുള്ള സംവിധാനം ഒരുക്കാനാണ് നിർദേശം. ഇതുവഴി ജലസേചനത്തിനും മറ്റു ആവശ്യങ്ങൾക്കും വെള്ളം കണ്ടെത്താൻ സാധിക്കുമെന്നും മലിനജലവുമായി വെള്ളം കലരുന്നത് കുറക്കാനാവുമെന്നും കൗൺസിൽ അംഗം ചൂണ്ടിക്കാണിച്ചു. എമിറേറ്റിലെ 34,000 കെട്ടിടങ്ങളിൽ സംവിധാനമൊരുക്കിയാൽ ശേഖരിക്കപ്പെടുന്ന വെള്ളത്തിന്റെ അളവ് വലുതായിരിക്കുമെന്നും ചൂണ്ടിക്കാണിച്ചു.
മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റ്, അൽ ഇത്തിഹാദ്, അൽ വഹ്ദ തുടങ്ങിയ റോഡുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കാനുള്ള സംവിധാനങ്ങളും നിർദേശത്തിൽ വന്നു. പ്ലാസ്റ്റിക് തടങ്ങൾ ഉപയോഗിച്ച് വെള്ളം റോഡിൽ നിറയുന്നത് ഒഴിവാക്കാനാണ് മുന്നോട്ടുവെച്ച ഒരു ആശയം.
വൈദ്യുതി ഇല്ലാതാകുമ്പോൾ എലവേറ്ററുകൾ അടക്കമുള്ളവ പ്രവർത്തിപ്പിക്കാൻ ജനറേറ്ററുകൾ സ്ഥാപിക്കണമെന്ന നിർദേശവും ഉയർന്നു. ദുരന്തബാധിതർക്ക് സൗജന്യ ചികിത്സ നൽകുന്ന ഒരു ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കുക, കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്കായി കൂടുതൽ ഷെൽട്ടറുകൾ ഒരുക്കുക, ബാങ്കുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള സംഭാവനകൾ ഉപയോഗിച്ച് ദുരന്തനിവാരണ ഫണ്ട് രൂപപ്പെടുത്തുക, പ്രതിസന്ധി ഘട്ടങ്ങളിൽ സ്ഥിരമായ ഹോട്ട്ലൈൻ സംവിധാനം ഏർപ്പെടുത്തുക എന്നീ നിർദേശങ്ങളും ഉയർന്നുവന്നു.
കനത്ത മഴയുടെ സമയത്ത് സമൂഹം കാണിച്ച ഐക്യദാർഢ്യത്തെ അംഗങ്ങൾ പ്രശംസിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ സന്നദ്ധപ്രവർത്തനം സംഘടിപ്പിക്കുന്നതിന് ഒരു ബോഡി സ്ഥാപിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.