ഷാർജ: ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള നിശ്ചയദാർഢ്യ വിഭാഗങ്ങൾക്ക് മാനുഷിക സേവനങ്ങൾ നൽകുന്ന ജീവകാരുണ്യ സ്ഥാപനമായ ഷാർജ സിറ്റി ഫോർ ഹ്യുമാനിറ്റേറിയൻ സർവിസസ് (എസ്.സി.എച്ച്.എസ്) പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനോട് ചേർന്ന് 50 കോടി ദിർഹം ചെലവിൽ നിർമിക്കുന്ന പുതിയ കേന്ദ്രത്തിന്റെ പണി അവസാന ഘട്ടത്തിലാണ്.
ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ കേന്ദ്രത്തിൽ 10ലധികം സ്കൂളുകൾ, വിവിധ സെന്ററുകൾ, നഴ്സറികൾ, ഡിപ്പാർട്മെന്റ് ഓഫിസുകൾ എന്നിവ പ്രവർത്തിക്കും.
2019ൽ ആരംഭിച്ച നിർമാണം ഘട്ടംഘട്ടമായാണ് പൂർത്തീകരിക്കുന്നത്.ആദ്യ പദ്ധതികളിൽ മാനേജ്മെന്റ് ഡിപ്പാർട്മെന്റ് ഓഫിസും അൽ വഫ സ്കൂൾ ഫോർ കപ്പാസിറ്റി ഡെവലപ്മെന്റ്, ഒാട്ടിസം സെന്റർ എന്നിവയാണ് ഉൾപ്പെടുന്നത്. തുടർന്ന് ഏർലി ഇന്റർവെൻഷൻ സെന്റർ, ബധിരർക്കായുള്ള അൽഅമൽ സ്കൂൾ, സെന്റർ ഫോർ ഡെവലപ്മെന്റ് ആൻഡ് എംപവർമെന്റ്, ഓഡിയോളജി സെന്റർ, തിയറ്റർ, വൈവിധ്യമാർന്ന മറ്റ് സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളും നിർമിക്കും.
പത്തു വർഷം മുമ്പാണ് പുതിയ കേന്ദ്രത്തിന്റെ നിർമാണത്തെ കുറിച്ച് ആലോചിച്ചതെന്നും അടുത്ത ആഴ്ചയോടെ അന്തിമ ഘട്ടം പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും എസ്.സി.എച്ച്.എസ് ഡയറക്ടർ മോന അബ്ദുൽ കരീം അൽ യാഫി പറഞ്ഞു. രജിസ്റ്റർ ചെയ്യുന്ന കുട്ടികളുടെ എണ്ണം വർധിച്ചതും സേവനങ്ങളുടെ ആവശ്യകത കൂടിയതുമാണ് പുതിയ കേന്ദ്രങ്ങൾ നിർമിക്കാൻ തീരുമാനിച്ചതിനു പിന്നിൽ.
ഓട്ടിസം ബാധിച്ച കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ഏറെക്കാലമായി കാത്തിരിക്കുകയാണ്. സ്ഥാപനം നടത്തിയ വിവിധ പ്രോഗ്രാമിലൂടെ ബിരുദം നേടിയ 69 നിശ്ചയദാർഢ്യമുള്ളവർ ഉൾപ്പെടെ എസ്.സി.എച്ച്.എസിന് 740 ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. പ്രിയപ്പെട്ടവർക്ക് പരിചരണം നൽകാനുള്ള ചെലവ് പല കുടുംബങ്ങൾക്കും താങ്ങാവുന്നതിനപ്പുറമാണ്. ഇതുകൊണ്ടാണ് എസ്.സി.എച്ച്.എസ് ഫീസ് കുറച്ചത്.
ഓട്ടിസം ബാധിച്ച കുട്ടികൾക്ക് 30,000 ദിർഹമാണ് ഈടാക്കുന്നതെന്നും അവർ പറഞ്ഞു.സംഭാവനകളിൽനിന്നും സകാത്ത് ഫണ്ടിൽ നിന്നുമുള്ള വരുമാനം കൊണ്ടാണ് കേന്ദ്രത്തിന്റെ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.