ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഇക്കുറി നാലു മുന്നണികൾ മത്സരരംഗത്ത്. നിലവിലെ പ്രസിഡൻറ് ഇ.പി. ജോൺസൺ മത്സരരംഗത്തില്ല. ഇതിനകം 145 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു. നിലവിലെ ഭരണസമിതിയായ 'വിശാല ജനകീയ മുന്നണി'യും ഇടതുപക്ഷ ആഭിമുഖ്യമുള്ള മാസ് നേതൃത്വം നൽകുന്ന 'ജനകീയ മുന്നണി'യും തമ്മിലാണ് പ്രധാന മത്സരം. ജനപക്ഷ മുന്നണി എന്ന പേരിൽ പുതിയ സഖ്യവും ഇക്കുറി മത്സര രംഗത്തുണ്ട്. ബി.ജെ.പി ആഭിമുഖ്യമുള്ള ഇന്ത്യൻ നാഷനലിസ്റ്റ് ഫോറവും (ഐ.എൻ.എഫ്) മത്സരരംഗത്തുണ്ട്.
പ്രസിഡൻറ് സ്ഥാനത്തേക്ക് എട്ടുപേരാണ് ഇത്തവണ പത്രിക സമർപ്പിച്ചിട്ടുള്ളത്. മറ്റു സ്ഥാനങ്ങളിലേക്കും പ്രമുഖരുടെ നീണ്ടനിരതന്നെയുണ്ട് ഗോഥയിൽ. മാനേജിങ് കമ്മിറ്റിയിലേക്ക് മത്സരിക്കാനായി 93 പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. പ്രസിഡൻറ് സ്ഥാനത്തേക്ക് നിലവിലെ വൈസ് പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം, മാത്തുക്കുട്ടി കടോൺ, ഐ.എൻ.എഫിൽനിന്ന് വിജയൻ നായർ എന്നിവരാണ് മത്സരിക്കുന്നത്.
കെ.പി.സി.സിയുടെ നിർദേശാനുസരണം അഡ്വ. വൈ.എ. റഹീമിെൻറ നേതൃത്വത്തിലുള്ള വിശാല ജനകീയ മുന്നണി പൂർണമായും യു.ഡി.എഫ് സംവിധാനത്തിലെത്തിയപ്പോൾ, നേരത്തെ വിശാല ജനകീയ മുന്നണിയിലായിരുന്ന യുവകലാസാഹിതി, ഐ.എം.സി.സി എന്നീ സംഘടനകൾ പുതിയ തെരഞ്ഞെടുപ്പിൽ ജനകീയ മുന്നണിയോടൊപ്പമാണ്. ജനപക്ഷ മുന്നണിയുടെ സ്ഥാനാർഥികളിൽ ഈസ അനീസ്, ഖമർ ദാവൂദ്, സക്കരിയ, സാദിഖ് എന്നിവർ ജീവകാരുണ്യ രംഗത്ത് സജീവമായി ഇടപെടുന്നവരാണ്. നവംബർ 26നാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.