ഷാർജ: രണ്ടു വർഷമായി മുടങ്ങിക്കിടന്ന ഓണാഘോഷവും സദ്യയും പൂർവാധികം ശക്തിയോടെ വീണ്ടും ആഘോഷിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ. 'ആവണിത്തുമ്പി-2022' എന്ന പേരിൽ ഷാർജ എക്സ്പോ സെന്ററിൽ നടന്ന പരിപാടിയിൽ 17,000 പേർക്കാണ് സദ്യയൊരുക്കിയത്. വർണാഭമായ ഘോഷയാത്രയോടെയാണ് ഓണാഘോഷത്തിന് തുടക്കംകുറിച്ചത്. താലപ്പൊലി, പുലികളി, ബാൻഡ് മേളം, ചെണ്ടമേളം, ആന എഴുന്നള്ളത്ത്, മുത്തുക്കുട, കളരിപ്പയറ്റ് തുടങ്ങിയ നാടൻ കലാരൂപങ്ങളും ഉണ്ടായിരുന്നു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീമിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ഉദ്ഘാടനം നിർവഹിച്ചു. എവിടെ മലയാളികൾ ചേരുന്നുവോ അവിടെയെല്ലാം സംഘടനകൾ ഉണ്ടാകുന്നുവെന്നും ആ സംഘടനകൾ ചേർന്ന് ഓണം ആഘോഷിക്കുന്നുവെന്നും ഇത് സന്തോഷമാണെന്നും യൂസുഫലി പറഞ്ഞു. മുൻ മന്ത്രിയും എം.എൽ.എയുമായ ഡോ. എം.കെ. മുനീർ, ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാൽ, അസോസിയേഷൻ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അൽ മിദ്ഫ, ദുബൈ ഇന്ത്യൻ കോണ്‍സല്‍ ഉത്തംചന്ദ്, മജീഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിയവരും സംസാരിച്ചു.
അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.വി. നസീർ സ്വാഗതവും ട്രഷറർ ശ്രീനാഥ് കാടഞ്ചേരി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോയന്റ് ജനറൽ സെക്രട്ടറി മനോജ് വർഗീസ്, ജോയൻറ് ട്രഷറർ ബാബു വർഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, കെ.ടി. നായർ, എ.കെ. ജബ്ബാർ, സാം വർഗീസ്, പ്രദീഷ് ചിതറ, എം. ഹരിലാൽ, അബ്ദു മനാഫ്, അബ്ദുൽ മനാഫ്, കെ. സുനിൽരാജ്, കബീർ ചാന്നാങ്കര തുടങ്ങിയവരും പങ്കെടുത്തു. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ആശംസ അറിയിച്ചു. ഒരേസമയം 4000 പേർക്ക് ഒരുമിച്ച് സദ്യ കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടായിരുന്നു. യു.എ.ഇയിലെ പതിനഞ്ചോളം ഹോട്ടലുകളാണ് ഭക്ഷണം ക്രമീകരിച്ചത്. പരമ്പരാഗതമായ രീതിയിൽ ക്രമീകരിച്ച ഓണച്ചന്ത, അസോസിയേഷന്റെ കീഴിലുള്ള സ്പെഷൽ നീഡ് സ്കൂൾ ആയ അൽ ഇബ്തി സാമയിലെ കുട്ടികൾ നിർമിച്ച കരകൗശല വസ്തുക്കൾ വിൽപനക്കായുള്ള സ്റ്റാൾ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ടായിരുന്നു. മൃദുല വാര്യർ, അൻവർ സാദത്ത്, ശ്രീനാഥ്, അനഘ അജയ് തുടങ്ങിയവർ നേതൃത്വം നൽകിയ ഗാനമേളയും അരങ്ങേറി. ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പബ്ലിക്കേഷൻ കമ്മിറ്റി പുറത്തിറക്കിയ ഓണം സുവനീർ പ്രകാശനം ചെയ്തു.
പൂക്കളമത്സരത്തിൽ ഐ.എസ്.സി അജ്മാൻ, ഫ്ലോറൽ ഫ്രണ്ട്സ്, ഓർമക്കൂട്ടം എന്നീ ടീമുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും മലയാള ചലച്ചിത്രതാരം ജ്യോതികൃഷ്ണ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.