പുസ്തകോൽസവ നഗരിയിൽ സജ്ജീകരിച്ച പവലിയനുകളിൽ സന്ദർശകരോട് സംസാരിക്കുന്നത് സ്റ്റാൾ ചുമതലയുള്ളവരും വളണ്ടിയർമാരുമൊക്കെയാണ്. എന്നാൽ അബൂദബി ആസ്ഥാനമായ ‘ട്രന്റ്സ് റിസർച്ച് ആൻഡ് അഡ്വൈസറി’ ഗ്രൂപ്പിന്റെ പവലിയനിൽ എത്തിയാൽ സന്ദർശകരെ സ്വീകരിക്കുന്നത് മനോഹരമായ ഒരു റോബോട്ടാണ്. സന്ദർശകനെ സ്വാഗതം ചെയ്തുകൊണ്ട് സംസാരം തുടങ്ങുന്ന റോബോട്ട് ട്രന്റിനെ കുറിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകും. മാത്രമല്ല റോബോട്ടിന്റെ മുന്നിലെ കാമറയിൽ സന്ദർശകന്റെ ഫോട്ടോയും വീഡിയോയും പകർത്തി മെയിലിലേക്കും ഫോണിലേക്കും അയച്ചു കൊടുക്കുകയും ചെയ്യും.
വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ട്രെന്റിന്റെ എല്ലാ പ്രദർശന പവലിയനുകളിലും റോബോട്ട് നിത്യ സാന്നിധ്യമാണ്. ഇംഗ്ലീഷിൽ ട്രന്റിനെ കുറിച്ച വിവരങ്ങൾ, സ്ഥാപനത്തിന്റെ ലക്ഷ്യം, സ്ഥാപകനെ കുറിച്ച വിവരങ്ങൾ എല്ലാം റോബോട്ട് പറഞ്ഞുതരും. അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര ഗവേഷണ സ്ഥാപനമാണ് ട്രന്റ്. ഗവേഷണത്തിലെ അന്തർദേശീയ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, വിവിധ വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കുന്ന പഠനങ്ങളാണ് സ്ഥാപനം നടത്തിവരുന്നത്.
ഗവേഷണ അനുഭവങ്ങളും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതിനായി പ്രഭാഷണങ്ങളും കോൺഫറൻസുകളും സിമ്പോസിയങ്ങളും പതിവായി സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. റോബോട്ടിനോട് സംസാരിക്കാനും റോബോട്ട് പകർത്തിയ ചിത്രങ്ങൾ ലഭിക്കാനും മാത്രമല്ല, ഗവേഷണ മേഖലയിലെ പുതിയ വിവരങ്ങളറിയാനും പവലിയൻ സന്ദർശനം ഉപകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.