ഷാർജ: 42ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി പുസ്തകം വാങ്ങുന്നതിനായി വൗച്ചറുകൾ നൽകുന്നു.
ഷാർജ ബുക്ക് അതോറിറ്റി അധ്യക്ഷ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് മേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ വൗച്ചറുകൾ ലഭ്യമാക്കുന്നത്.
മേളയിൽ പങ്കെടുത്ത് പ്രസാധകരിൽ നിന്നും ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങൾ സ്വന്തമാക്കി അവരുടെ സ്വന്തം ലൈബ്രറികൾ മികച്ചതാക്കുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്.
വിജ്ഞാനാധിഷ്ഠിത സമൂഹത്തെ വളർത്തിയെടുക്കുന്നതിനായി വായനയുടെ പ്രാധാന്യം, കുട്ടികളുടെ ഭാവിയിൽ അത് ചെലുത്തുന്ന സ്വാധീനം, രാജ്യത്തിന്റെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിൽ അവരുടെ പങ്ക് എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുകയാണ് അതോറിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്. നവംബർ 12 വരെ തുടരുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ അറബ്, വിദേശ പ്രസാധകരിൽനിന്നായി 15 ലക്ഷത്തോളം പുസ്തകങ്ങളാണ് ലഭ്യമായിട്ടുള്ളത്. 69 രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ അതിഥികൾ നയിക്കുന്ന 1700 ഇവന്റുകളാണ് ഇത്തവണ പുസ്തകോത്സവത്തിൽ സംഘടിപ്പിക്കപ്പെടുന്നത്.
12 ദിവസങ്ങളിലായി നടക്കുന്ന മേള നിർമാതാക്കൾ, കലാകാരന്മാർ, പ്രചോദിതരായ മുഖങ്ങൾ തുടങ്ങിവർ ഒരുമിച്ചു കൂടുന്ന വേദികൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.