ഷാർജ: അക്ഷരലോകം അറബ് നാട്ടിലേക്കൊഴുകിയെത്തുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ 40ാം എഡിഷന് ഇന്ന് തുടക്കം. അൽതാവൂനിലെ വേൾഡ് എക്സ്പോ സെൻററിൽ രാവിലെ 10ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. 11 ദിവസം നീളുന്ന പുസ്തകോത്സവത്തിൽ 150ലേറെ മലയാള പുസ്തകങ്ങളും പ്രകാശനം ചെയ്യും. 'എല്ലായ്പ്പോഴും ഒരു ശരിയായ പുസ്തകം ഉണ്ട്' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ പുസ്തകോത്സവം. സാഹിത്യ നൊബേൽ ജേതാവ് അബ്ദുറസാഖ് ഗുർനാ, ജ്ഞാനപീഠ ജേതാവും ഇന്ത്യൻ എഴുത്തുകാരനുമായ അമിതവ് ഘോഷ്, ചേതൻ ഭഗത്, രവീന്ദർ സിങ്, അർഫീൻ ഖാൻ, ജെയ് ഷെട്ടി, പ്രണയ് ലാൽ, വീർ സംഘ്വി തുടങ്ങിയവർ അതിഥികളായെത്തും. കേരളത്തിൽനിന്ന് സന്തോഷ് ജോർജ് കുളങ്ങര, പി.എഫ്. മാത്യൂസ്, മനോജ് കുറൂർ, ദീപ നിശാന്ത് തുടങ്ങിയവരുമുണ്ടാകും. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, മജീഷ്യൻ മുതുകാട് അടക്കമുള്ളവർ പുസ്തക പ്രകാശനത്തിനെത്തും.
83 രാജ്യങ്ങളിൽനിന്ന് 1576 പ്രസിദ്ധീകരണ സ്ഥാപനങ്ങൾ പങ്കെടുക്കും. ഇന്ത്യയിൽനിന്ന് 81 പ്രസാധകരുണ്ടാകും. 293 പ്രസാധകരുള്ള ഈജിപ്താണ് ഒന്നാമത്. 240 പ്രസാധകരുമായി യു.എ.ഇ രണ്ടാമതുണ്ട്. 'മാധ്യമം ബുക്സ്' ആദ്യമായി ഷാർജ ബുക്ഫെയറിൽ സാന്നിധ്യമാകും. ഒന്നര കോടിയിലേറെ പുസ്തകങ്ങൾ എത്തുമെന്നാണ് കണക്കുകൂട്ടൽ. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമാണ് ഷാർജയിലേത്. അഭിമുഖങ്ങൾ, സംവാദം, പുസ്തക പ്രകാശനം തുടങ്ങിയവയുണ്ടാകും. പ്രവേശനം സൗജന്യം.
പതിവുപോലെ അറബ് പുസ്തകങ്ങളാണ് ഇക്കുറിയും കൂടുതൽ. വിവിധ രാജ്യങ്ങളിൽനിന്നുള്ള എഴുത്തുകാരും പ്രസാധകരുമെല്ലാം ഷാർജയിൽ എത്തിയിട്ടുണ്ട്. യു.എ.ഇ എഴുത്തുകാരുടെ 50ലേറെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. കഴിഞ്ഞ വർഷം കോവിഡ് മൂലം നിയന്ത്രണങ്ങളോടെയായിരുന്നു പ്രവേശനം. ഇത്തവണ എല്ലാവർക്കും മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം പുസ്തകോത്സവ നഗരിയിൽ എത്താം. കഴിഞ്ഞ വർഷം ഒഴിവാക്കിയ റൈറ്റേഴ്സ് ഫോറവും ഇക്കുറിയുണ്ടാകും. ഇവിടെയായിരിക്കും പുസ്തകങ്ങൾ പ്രകാശനം ചെയ്യുക. കഴിഞ്ഞ വർഷം പവലിയനുകൾക്ക് മുൻപിലായിരുന്നു പ്രകാശനം. പുസ്തകോത്സവത്തിന് മുന്നോടിയായി നടന്ന പ്രസാധക സമ്മേളനം സമാപിച്ചു. ലൈബ്രറി കോൺഫറൻസ് നവംബർ ഒമ്പത് മുതൽ 11 വരെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.