ദുബൈ: കോവിഡിന് മുന്നിൽ പകച്ചുപോയ ലോകത്തിന് അക്ഷരങ്ങളിലൂടെ അതിജീവനത്തിെൻറ പുതിയ പാഠം പകർന്നു നൽകിയ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് സമാപനം. വായനയും സൗഹൃദവും കലയും സമ്മേളിച്ച 39ാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം കൊടിയിറങ്ങുമ്പോൾ ലോകത്തിന് പല പുതിയ അനുഭവങ്ങളും പകർന്നുനൽകാനായതിെൻറ ആനന്ദത്തിലാണ് ഷാർജ നഗരവും അന്താരാഷ്ട്ര പുസ്തകനഗരിയും. 'ലോകം വായിക്കുന്നു, ഷാർജയിൽനിന്ന്'എന്ന പ്രമേയത്തിലാണ് ലോകത്തിലെ മൂന്നാമത്തെ വലിയ പുസ്തകോത്സവം നടന്നത്. പല വമ്പൻ മേളകളും കോവിഡ് തീർത്ത മഹാമാരിക്ക് മുന്നിൽ മുടങ്ങിയപ്പോൾ, പ്രതിസന്ധികാലത്തും എങ്ങനെ പ്രശ്നങ്ങളില്ലാതെ മേളയൊരുക്കാമെന്ന മാതൃകയാണ് ഷാർജ ബുക്ക് അതോറിറ്റിയും ലോകമെങ്ങുമുള്ള വായനക്കാരും പ്രസാധകരും ഷാർജയിലൂടെ വ്യക്തമാക്കിയത്.
പ്രതിസന്ധികളും ദുരിതങ്ങളും ആശങ്കകളും അത്രമേൽ നിഴലിച്ച കാലത്ത്, ഇക്കുറി പുസ്തകമേള നടക്കുമോ എന്ന അക്ഷരപ്രേമികളുടെ കാത്തിരിപ്പിനുള്ള ഷാർജ സുൽത്താെൻറ അതിഗംഭീരമായൊരു സമ്മാനമായിരുന്നു ഇത്തവണത്തെ പുസ്തകമേള. അക്ഷരങ്ങളിലൊളിപ്പിച്ച വിസ്മയക്കാഴ്ചകൾ കാണാൻ പതിനായിരങ്ങൾ ഇരമ്പിയെത്തുന്ന ഷാർജ പുസ്തകോത്സവം കോവിഡ് കാലത്ത് എങ്ങനെ സംഘടിപ്പിക്കുന്നുവെന്ന് കാണാനുള്ള കൗതുകത്തോടെയായിരുന്നു ലോകം ഷാർജയെ വീക്ഷിച്ചതും. എന്നാൽ എല്ലാവരെയും അക്ഷരാർഥത്തിൽ അമ്പരപ്പിക്കുന്ന സംഘാടകമികവ് പുറത്തെടുത്താണ് പരാതികൾക്കിട നൽകാതെ ഷാർജ ഭരണകൂടവും ബുക്ക് അതോറിറ്റിയും പുസ്തകമേള ചരിത്രപരമായ വിജയമാക്കി മാറ്റിയത്.
കാല, ദേശ, ഭാഷ ഭേദമന്യേ വായനയുടെ വസന്തം വാനോളമുയർത്തി അക്ഷരപ്രേമികൾക്ക് ആഘോഷപ്പെരുന്നാളൊരുക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേള, ഇത്തവണ ഔപചാരിക ചടങ്ങുകളേതുമില്ലാതെയായിരുന്നു തുടങ്ങിയത്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ശുചിത്വ പ്രോട്ടോകോൾ മേളക്ക് ഉറപ്പുവരുത്തിയാണ് മേള നടത്തിയത്. ഒന്നു പിഴച്ചുപോയാൽ എല്ലാം അവതാളത്തിലായിപ്പോകുമായിരുന്ന പ്രതിസന്ധികാലത്ത്, സന്ദർശകരുടെ പ്രവേശനത്തിലുൾപ്പെടെ വിട്ടുവീഴ്ചയില്ലാത്ത ആരോഗ്യസുരക്ഷയും നിരീക്ഷണവും ഉറപ്പുവരുത്തി. നാലുഘട്ടങ്ങളിലായി 20,000 പേര്‍ക്കാണ് ഓരോ ദിവസവും സന്ദര്‍ശനം അനുവദിച്ചത്. സാമൂഹിക സുരക്ഷാ മുന്നറിയിപ്പുകൾ മലയാളത്തിലും നൽകി ഷാർജ പുസ്തക അതോറിറ്റി മലയാളികളായ അക്ഷരപ്രേമികളെ അമ്പരപ്പിച്ചു.
പുസ്തകോത്സവത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സ്ഥിരം പട്രോളിങ്ങിനു പുറമെ ഡ്രോണുകളിലും ഷാർജ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കുറ്റമറ്റ രീതിയിൽ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തി, വെല്ലുവിളികൾക്കിടയിലും കാര്യക്ഷമമായി മേള പൂർത്തീകരിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മുൻനിർത്തിയാണ് പൊലീസും സാങ്കേതിക പ്രവർത്തകരും ബുക്ക് അതോറിറ്റി ജീവനക്കാരും എക്സ്പോ സെൻററും പ്രവർത്തിച്ചത്. ദേശീയ ദുരന്തനിവാരണ സേനയുടെ സേവനവും ഏര്‍പ്പെടുത്തി. പരിപാടികള്‍ക്കു ശേഷം ഓരോ ദിവസവും രാത്രി അഞ്ചു മണിക്കൂര്‍ അണുനശീകരണം നടത്തിയാണ് എക്സ്പോ സെൻറർ ശുചീകരിച്ചത്.
ലോകത്തിന് വായിക്കാനും അക്ഷരങ്ങളിലൂടെ വിസ്മയയാത്ര നടത്താനും തുറന്നുവെച്ചിരിക്കുന്ന വലിയ പുസ്തകത്തിെൻറ താളുകൾ മറിച്ചുനോക്കാൻ എല്ലാ വെല്ലുവിളികളെയും മറികടന്ന് അക്ഷരപ്രേമികൾ സാംസ്കാരിക തലസ്ഥാന നഗരിയായ ഷാർജയിൽ ഇരച്ചെത്തുന്ന കാഴ്ചക്ക് തന്നെയാണ് പത്ത് ദിവസവും എക്സ്പോ സെൻറർ സാക്ഷ്യം വഹിച്ചത്.
73 രാജ്യങ്ങളിൽനിന്നായി 1024 പ്രസാധകരാണ് ഇക്കുറി മേളയുടെ ഭാഗമായത്. 30ൽപരം ഭാഷകളിലായി 80,000ത്തോളം പുതിയ തലക്കെട്ടുകളിൽ അണിയിച്ചൊരുക്കിയ പുസ്തകങ്ങളും മേളക്കെത്തി. മലയാളത്തിനുണ്ടായിരുന്ന പ്രത്യേക ഏഴാം നമ്പർ ഹാൾ കോവിഡ് പ്രോട്ടോകോൾ കാരണം ഒഴിവാക്കിയെങ്കിലും മധുരം മലയാളത്തിൽനിന്ന് പത്തോളം പ്രസാധകർ ഇത്തവണയും മേളനഗരിയിൽ സ്ഥാനംപിടിച്ചിരുന്നു.
ആരവങ്ങളോ ആൾക്കൂട്ടങ്ങളോ ഇല്ലാതെ 30ഓളം മലയാളം പുസ്തകങ്ങളും അക്ഷരനഗരിയിൽ പ്രകാശിതമായി.അറബ് മേഖലയിലും അന്താരാഷ്ട്ര രംഗത്തുമുള്ള 60ൽപരം എഴുത്തുകാരും സാംസ്കാരിക വ്യക്തിത്വങ്ങളും 64ൽപരം വൈവിധ്യങ്ങളായ വൈജ്ഞാനിക വിഷയങ്ങളിൽ വെർച്വലായി അക്ഷരപ്രേമികളോട് സംവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.