ഷാർജ: വായനയുടെ പുതുലോകത്തെ സ്വാഗതം ചെയ്ത് അക്ഷരങ്ങളുടെ വസന്തകാലത്തിന് തുടക്കമാകാൻ ഇനി ദിവസങ്ങൾ മാത്രം. ലോകത്തെ മൂന്നാമത്തെ വലിയ പുസ്തകോത്സവമായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 42ാമത് എഡിഷന് ബുധനാഴ്ച തുടക്കമാവും. ഷാർജ എക്സ്പോ സെന്ററിലാണ് മേള ആരംഭിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ‘നാം പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു’ എന്നതാണ് ഇത്തവണ മേളയുടെ സന്ദേശം.
12 ദിവസങ്ങളിലായി നടക്കുന്ന മേളയിലൂടെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുമെത്തുന്ന വിഖ്യാതരായ എഴുത്തുകാരെ പരിചയപ്പെടാനും പുതിയ പ്രസാദകരുടെ പുസ്തകങ്ങൾ വാങ്ങാനും വായനയുടെ പുതു ലോകം തുറക്കാനുമുള്ള സുവർണാവസരമാണ് സന്ദർശകർക്ക് ലഭിക്കുന്നത്. 15 ലക്ഷം പുസ്തകങ്ങൾ ഇത്തവണ മേളയിലെത്തും.
ഇന്ത്യയിൽ നിന്ന് 120 പ്രസാധകരാണ് പങ്കെടുക്കുന്നത്. കൊറിയയാണ് ഈ വർഷത്തെ വിശിഷ്ടാതിഥി രാജ്യം. യുവതലമുറയ്ക്ക് ഏറെ പ്രിയങ്കരമായ കൊറിയന്‍ സംസ്കാരത്തിന്റെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന പരിപാടികള്‍ ദക്ഷിണ കൊറിയന്‍ പവലിയനില്‍ സംഘടിപ്പിക്കും. കഴിഞ്ഞ ജൂണില്‍, സിയോള്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെ 65-ാമത് എഡിഷനില്‍ ഷാര്‍ജയായിരുന്നു ദക്ഷിണ കൊറിയയുടെ അതിഥി.
അതേസമയം, ഈ വര്‍ഷവും ഇന്ത്യയില്‍ നിന്ന് നിരവധി പ്രഗല്ഭരെത്തുന്നുണ്ട്. സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ, ദുരന്ത നിവാരണ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് സാന്നിധ്യമറിയിക്കുക. തങ്ങളുടെ പുസ്തകങ്ങള്‍ സംബന്ധിച്ചും ജീവിതാനുഭവങ്ങളും മറ്റും ഇവര്‍ സദസ്സുമായി പങ്കു വയ്ക്കുന്നതാണ്.
നീന ഗുപ്ത, നിഹാരിക എന്‍.എം, കരീന കപൂര്‍, അജയ് പി.മങ്ങാട്ട്, ഇസ്റോ ചെയര്മാന് എസ്.സോമനാഥ്, കജോള്‍ ദേവ്ഗന്‍, ജോയ് ആലുക്കാസ്, യാസ്മിന് കറാച്ചിവാല, അങ്കുര്‍ വാരികൂ, സുനിതാ വില്യംസ്, മല്ലിക സാരാഭായ്, ബര്‍ഖാ ദത്ത്, ഡോ. മുരളി തുമ്മാരുകുടി തുടങ്ങിയവരാണ് ഈ വര്‍ഷത്തെ പുസ്തക മേളയില്‍ അതിഥി സാന്നിധ്യങ്ങളാകുന്നത്. ബാൾറൂമിലും ഇന്റലിക്ച്വൽ ഹാളിലുമാണ് വിദ്യാർഥികൾക്ക് സെഷൻ ഒരുക്കുന്നത്. രാവിലെ 10 മുതൽ 12 വരെയാണ് വിദ്യാർഥികൾക്ക് നൽകിയിരിക്കുന്ന സന്ദർശന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.