ഷാർജ: 12 രാത്രികളെ സജീവമാക്കിയ 12ാം മത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ കൊടിയിറങ്ങി. ഫെബ്രുവരി എട്ടു മുതൽ 19 വരെ 13 സ്ഥലങ്ങളിലായാണ് ഫെസ്റ്റിവൽ നടന്നത്.
600 ജീവനക്കാരും ഏഴ് ആഗോള കലാകാരന്മാരും ഒത്തുചേർന്നാണ് 13 സ്ഥലങ്ങളിൽ ആഘോഷമായ പ്രദർശനങ്ങൾ നടത്തിയത്. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. യൂനിവേഴ്സിറ്റി സിറ്റി ഹാൾ, അൽനൂർ മസ്ജിദ്, ഖാലിദ് ലഗൂൺ, ഷാർജ മസ്ജിദ്, അൽ മജാസ് വാട്ടർഫ്രണ്ട്, ഷാർജ ഫോർട്ട്, അൽ ഹംരിയ മുനിസിപ്പാലിറ്റി കെട്ടിടം, അൽ ദൈദ് ഫോർട്ട്, ഖോർഫക്കാനിലെ അൽ റഫീസ അണക്കെട്ട്, കൽബ ക്ലോക്ക്ടവർ, ദിബ്ബ അൽ ഹിസ്നിലെ ശൈഖ് റാഷിദ് ബിൻ അഹമ്മദ് അൽ ഖാസിമി മസ്ജിദ്, ബീഅ ഗ്രൂപ്പിന്റെ ആസ്ഥാനം എന്നിവിടങ്ങളിലാണ് ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായ പ്രദർശനങ്ങൾ നടന്നത്. ലൈറ്റ് ഫെസ്റ്റിവലിൽ ഷാർജ എമിറേറ്റിന്റെ പരമ്പരാഗത പൈതൃകം, ജ്യാമിതി, രൂപരേഖകൾ, കാലിഗ്രാഫി, അറബ്, ഇസ്ലാമിക് വാസ്തുവിദ്യയുടെ മാതൃകകൾ എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് വിവിധ ഷോകളും നടന്നു.
ഈ വർഷത്തെ ഫെസ്റ്റിവൽ വളർന്നുവരുന്ന കലാകാരന്മാരെ സ്വാഗതം ചെയ്തുവെന്നും എമിറേറ്റിന്റെ മുന്നോട്ടുള്ള യാത്രയിൽ ഫെസ്റ്റിവൽ വെളിച്ചം വീശുന്നുവെന്നും വരും വർഷങ്ങളിൽ കൂടുതൽ വികസിപ്പിക്കുമെന്നും ഷാർജ കോമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.