ഷാർജ: എല്ലാവർഷവും അരങ്ങേറുന്ന ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ 13ാം എഡിഷൻ ബുധനാഴ്ച മുതൽ ഈ മാസം 18വരെ അരങ്ങേറും. ആഗോള പ്രശസ്തരായ കാലാകാരന്മാർ രൂപകൽപന ചെയ്യുന്ന ദൃശ്യങ്ങളാൽ ഷാർജയിലെ സാംസ്കാരികവും പ്രകൃതിദത്തവുമായ കെട്ടിടങ്ങളും സംവിധാനങ്ങളും മിന്നിത്തിളങ്ങുന്ന ഫെസ്റ്റിവൽ ദിനങ്ങൾ അവിസ്മരണീയ കാഴ്ചയാണ് സന്ദർശകർക്ക് ഒരുക്കാറുള്ളത്.
ഇത്തവണ എമിറേറ്റിലെ 12 സ്ഥലങ്ങളിലായി 12 ദിവസങ്ങളിൽ ലൈറ്റ് ഷോകൾ അരങ്ങേറും. വൈകീട്ട് ആറുമുതൽ രാത്രി 11 വരെയാണ് ഷോകൾ ആസ്വദിക്കാനാകുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അർധരാത്രിവരെ ഷോകളുണ്ടാകും. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഷാർജ പൊലീസ്, ജനറൽ സൂഖ് - അൽ ഹംരിയ, കൽബ വാട്ടർഫ്രണ്ട് എന്നിവയാണ് ഈ വർഷം പുതുതായി മേളയിൽ ചേർത്ത മൂന്ന് ലൊക്കേഷനുകൾ. ഖാലിദ് ലഗൂൺ, അൽമജാസ് വാട്ടർ ഫ്രണ്ട്, ബീഅ ഗ്രൂപ് ഹെഡ്ക്വാർട്ടേഴ്സ്, അൽ ദൈദ് കോട്ട, ഷാർജ മോസ്ക്, ശൈഖ് റാശിദ് അൽ ഖാസിമി മസ്ജിദ്, അൽനൂർ മസ്ജിദ്, അൽ റാഫിസ ഡാം എന്നിവയാണ് ഷോ അരങ്ങേറുന്ന മറ്റു സ്ഥലങ്ങൾ. അതോടൊപ്പം ഷാർജയിലെ യൂനിവേഴ്സിറ്റി സിറ്റി ഹാൾ കെട്ടിടത്തിനു മുന്നിൽ സ്ഥിതിചെയ്യുന്ന ലൈറ്റ് വില്ലേജിൽ 55ലധികം ദേശീയ പദ്ധതികളുടെ ഷോകൾ ഫെബ്രുവരി ഒന്നു മുതൽ ആരംഭിക്കുകയും ചെയ്യും. ഷാർജ വാണിജ്യ, വിനോദ സഞ്ചാര വികസന വകുപ്പാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ വർഷത്തെ ലൈറ്റ് ഫെസ്റ്റിവൽ കാണാൻ 13 ലക്ഷം സന്ദർശകർ എത്തിയിരുന്നു. ലൈറ്റ് വില്ലേജ് കാണാൻ മാത്രം 1.84 ലക്ഷംപേർ കഴിഞ്ഞ തവണയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.